പേജുകള്‍‌

2012, ജൂലൈ 13, വെള്ളിയാഴ്‌ച

കൂടുതല്‍ വെളിച്ചം

മടവൂരികളുടെ എല്ലാ വികല വാദങ്ങള്‍കും അവരുടെ എല്ലാ കുത്സിത പ്രവര്‍ത്തങ്ങള്‍ തുറന്നു കാട്ടാനും പുതിയ ബ്ലോഗ്‌ ആരംഭിച്ചിരിക്കുന്നു എല്ലാവരും കൂടുതല്‍ പഠികാനും ക്കാര്യങ്ങള്‍ മനസിലകാനും താഴെ പറയുന്ന ബ്ലോഗ്‌ വിസിറ്റ് ചെയ്യുക



2012, ജൂൺ 20, ബുധനാഴ്‌ച

ജിന്നിനോടുള്ള സഹായതേട്ടം


ജിന്നിനോടുള്ള സഹായതേട്ടം–.മടവൂരികളുടെ കുപ്രചരണത്തിന്   അനസ് മൌലവിയും  ഹനീഫ്‌  കായക്കൊടിയും മറുപടി പറയുന്നു.


ജിന്നിനോടും മലക്കിനോടുമുള്ള സഹായതേട്ടം..എന്താണ് ഈ ആരോപണത്തിന്റെ സത്യാവസ്ഥ. ബഹുമാന്യരായ ഹനീഫ്‌ കയക്കൊടിയും അനസ്‌ മൌലവിയും വളരെ  ആത്മാര്‍ഥമായി തെളിവുകള്‍ നിരത്തി  സമര്‍ഥിക്കുന്നത് നിങ്ങള്‍ കാണുക. ഇനിയെങ്കിലും സത്യം ആരുടെ കൂടെയാണെന്ന് മനസിലാക്കുക.  എന്താണ് മുജാഹിദ്‌ കളുടെ  നിലപാട്‌  എന്ന്  മനസ്സിലാക്കുക 

2012, ഏപ്രിൽ 30, തിങ്കളാഴ്‌ച

മുജാഹിദ് പ്രസ്ഥാനതിനെതിരെയുള്ള ആരോപണങ്ങള്‍: വസ്തുത എന്ത് ? മുജാഹിദ് ബാലുശ്ശേരി, ബുസ്ഥാനുല്‍ ഉലൂം അറബിക് കോളേജ് കൈപമംഗലം

മുജാഹിദ് പ്രസ്ഥാനതിനെതിരെയുള്ള ആരോപണങ്ങള്‍: വസ്തുത എന്ത് ? 
മുജാഹിദ് ബാലുശ്ശേരി, ബുസ്ഥാനുല്‍ ഉലൂം അറബിക് കോളേജ് കൈപമംഗലം 





2012, ഫെബ്രുവരി 19, ഞായറാഴ്‌ച

നബിക്ക് സിഹിര്‍ ബാധിച്ച ഹദീസ് തള്ളണോ? എം എം അക്ബര്‍ മറുപടി പറയുന്നു

ഒരു കളവു പറഞ്ഞു കൊണ്ടാണ് ഈ  മടവൂരി  ചോദ്യം തുടങ്ങുന്നത് , ഇസ്ലാമിന്റെ ശത്രുക്കളായ ക്രിസ്ത്യാനികളും ജൂതന്മാരും നമുക്കെതിരെ ഈ ഹദീസ് വ്യാപകമായി  ഉപയോഗിക്കുന്നു എന്ന് . അവനു ദഅവത്  നടത്താന്‍ പോലും പറ്റുന്നില ഹോ  ആരാ ഈ ചോദികുന്നത് ഒരു ദഅവതും (കെ എന്‍ എമ്മിന്നെ കരിവാരി തേക്കുന്നത് മഹത്തായ ദഅവത്  ആണ്  അതല്ല ഇവിടെ ഉദ്ടെഷികുന്നത് ) നടത്താതെ വീട്ടില്‍ മുരടിചിരികുന്ന വര്‍ഗമാണ് കേട്ടോ . എന്തായാലും ഒരു സത്യം പറഞ്ഞു അവനു ഉത്തരം മുട്ടിയ  വിഷയമാണ് 

ഈ ചോദ്യം ചോദിച്ച മടവൂരിയെ മധ്യസ്തനാക്കി അലി മൊല്ലാക അഹസനിമാരുമായി   ഒരു സംവാദ വ്യവസ്ഥ എഴുതാന്‍ ഇരുന്നിരുന്നു . എന്ത് പറ്റി ആവോ  മടവൂരികള്‍ ആ സി ഡി ഇറക്കിയില്ല .
അതൊന്നു കേള്കണം ഹോ അലിമൊല്ലയുടെ വിവരവും യാസ്മീനിന്റെ മധ്യസ്തവും 

2012, ഫെബ്രുവരി 7, ചൊവ്വാഴ്ച

മുജാഹിദ് പ്രസ്ഥാനവും പുതിയ വിവാദങ്ങളും

ആരോപണങ്ങള്‍ക്ക് ഡോ: കെ.കെ. സകരിയ്യ സ്വലാഹി മറുപടി പറയുന്നു.
ഇസ് ലാഹ് മാസിക  2012 ജനുവരി , ഫെബ്രുവരി 

? ഇക്കഴിഞ്ഞ ഏതാനും മാസങ്ങളായി മടവൂര്‍ വിഭാഗം പ്രസംഗകര്‍ കെ.എന്‍.എമ്മിനെ കുറിച്ച് പൊതുവായും താങ്കളെ കുറിച്ചും മറ്റും പ്രത്യേകമായും കുറെ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ടല്ലോ? ശബാബിലൂടെയും വര്‍ത്തമാനം പത്രത്തിലൂടെയും പല ആരോപണങ്ങളും അച്ചടിച്ച് വിടുന്നുമുണ്ട്. അവയുടെ നിജസ്ഥിതി എന്താണ്?
= കെ.എന്‍.എമ്മിനെ കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് നാം പല പ്രാവശ്യം മടവൂരികള്‍ക്ക് മറുപടി കൊടുത്തതാണ്. അതൊന്നും കേള്‍ക്കാന്‍ പോലും ശ്രമിക്കാതെ വീണ്ടും പഴയ ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയാണ് അവര്‍. എന്നെക്കുറിച്ചുള്ള ആരോപണങ്ങളില്‍ അധികവും തെളിവില്ലാത്ത കള്ള ആരോപണങ്ങളും അല്‍പം ചിലത് തെറ്റിദ്ധാരണയില്‍ നിന്ന് ഉണ്ടായതുമാണ്. ആശയ പാപ്പരത്തം കൊണ്ട് ഗതികേടിലായ മടവൂരികള്‍ മുജാഹിദ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പങ്ങളുടെ പുകമറ സൃഷ്ടിച്ച് പിടിച്ച് നില്‍ക്കാന്‍ ശ്രമിക്കുകയാണ്. 2002ല്‍ പുതിയ സംഘടനയുമായി വേര്‍പ്പെട്ടു പോയ അന്നുമുതല്‍ അവര്‍ പറഞ്ഞു കൊണ്ടിരിക്കുന്ന വിഷയമാണ് ജിന്നും സിഹ്റും. ഇതുവരെയും അത്തരം വിഷയങ്ങളില്‍ അവരുടെ നിലപാടെന്താണെന്ന് അവര്‍ വ്യക്തമാക്കിയിട്ടില്ല. കെ.എന്‍.എമ്മിന്റെ പ്രസംഗകരുടെയും പ്രബോധകരുടെയും പ്രസംഗങ്ങളും ലേഖനങ്ങളും ചികഞ്ഞുനോക്കി അതില്‍ നിന്നൊക്കെ ചിലതെല്ലാം കട്ടുമുറിച്ചും ക്ളിപ്പുകളാക്കിയും ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുകയല്ലാതെ ഒരു മുസ്ലിമിന്റെ നസ്വീഹത്തോടുകൂടി 'ഇതാണ് പ്രമാണങ്ങളുടെ വെളിച്ചത്തില്‍ ഞങ്ങളുടെ നിലപാട്' എന്ന് പ്രഖ്യാപിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. അവരുടെ ആശയ ദാരിദ്യ്രവും വൈജ്ഞാനിക ഭീരുത്വവുമാണ് ഇതിന് കാരണം. പക്ഷെ, കെ.എന്‍.എമ്മും കെ.ജെ.യുവും ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും പ്രബന്ധങ്ങള്‍ ക്ഷണിക്കുകയും തീരുമാനങ്ങളെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളായി മടവൂരികള്‍ എന്തു ചെയ്തു? "ഞങ്ങള്‍ക്ക് ജീവനുണ്ട്, വംശനാശം പൂര്‍ണ്ണമായിട്ടില്ല'' എന്ന് തെളിയിക്കാന്‍ വേണ്ടി ഇടക്കിടെ "ജിന്ന്, പിശാച്.....'' എന്ന് വിളിച്ചുകൂവുകയല്ലാതെ പ്രമാണബദ്ധമായി ഒരു ചര്‍ച്ച നടത്താനോ വല്ല തീരുമാനങ്ങളുമെടുക്കാനോ മടവൂരീ പണ്ഡിത സഭക്ക് ഇതുവരെയും ധൈര്യം വന്നിട്ടുണ്ടോ? ആശയക്കുഴപ്പങ്ങള്‍ ഊതിവീര്‍പ്പിച്ച് സ്വന്തം അണികളെ കൂടെ നിര്‍ത്താന്‍ കുറുക്കുവഴി തേടുകയാണ് ഇവരുടെ ലക്ഷ്യമെന്ന് കാര്യബോധമുള്ളവര്‍ ഇതിനകം മനസ്സിലാക്കിയിട്ടുണ്ട്. മടവൂരികള്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഇസ്ലാം തെറ്റിദ്ധരിപ്പിക്കപ്പെടുന്നതിലുള്ള വിഷമം കൊണ്ടോ മുസ്ലിമീങ്ങളെ യഥാര്‍ത്ഥ ദീന്‍ കൂട്ടാതെ - കുറക്കാതെ പഠിപ്പിക്കാനുള്ള അതീവ താല്‍പര്യം കൊണ്ടോ അല്ല. പ്രത്യുത, ഇവയൊക്കെയും അവരുടെ സംഘടനാ പക്ഷപാതിത്വത്തിന്റെ ഉപോല്‍പന്നങ്ങള്‍ മാത്രമാണ്.

? കെ.എന്‍.എമ്മിലെ 'ഉഗ്രവാദികളായ' ആളുകളെ സംഘടിപ്പിച്ച് താങ്കള്‍ ഗ്രൂപ്പുണ്ടാക്കുകയാണെന്നും കെ.എന്‍.എം പിടിച്ചടക്കുകയാണ് ഈ ഗ്രൂപ്പിന്റെ ലക്ഷ്യമെന്നുമാണ് മടവൂരികളുടെ മറ്റൊരു ആരോപണം?
= കെ.എന്‍.എമ്മില്‍ മിതവാദികള്‍, ഉഗ്രവാദികള്‍ എന്നിങ്ങനെ രണ്ട് വിഭാഗമുണ്ടെന്നുള്ള മടവൂരികളുടെ പ്രചാരണം, ചെറിയമുണ്ടം ഗ്രൂപ്പും അബ്ദുസ്സലാം സുല്ലമി ഗ്രൂപ്പും തമ്മിലുള്ള ചേരിപ്പോരിന്റെ ചീഞ്ഞ കഥകള്‍ മറച്ചു വെക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ എവിടെയും ഗ്രൂപ്പുണ്ടാക്കിയിട്ടില്ല. എന്റെ പേരില്‍ ഗ്രൂപ്പുണ്ടാക്കാന്‍ രഹസ്യമായോ പരസ്യമായോ ഞാന്‍ ശ്രമിക്കുന്നുമില്ല. ഒരേ മന്‍ഹജും അക്വീദയും അംഗീകരിക്കുന്ന ആളുകള്‍ക്കിടയില്‍ സ്വാഭാവികമായും ഉണ്ടാകുന്ന മസ്അലാപരമായ അഭിപ്രായഭിന്നതകള്‍ ഒരു ചേരിതിരിവിന് നിമിത്തമാക്കരുതെന്ന് ഞാന്‍ പലയിടത്തും പരസ്യമായി പ്രസംഗിച്ചിട്ടുണ്ട്. എന്റെ പേരിലോ മറ്റാരുടേയെങ്കിലും പേരിലോ ആരും ഗ്രൂപ്പുണ്ടാക്കേണ്ടതില്ലെന്ന് കാസര്‍ഗോഡ് ഹദീസ് സെമിനാറില്‍ ഞാന്‍ തുറന്നു പറഞ്ഞിട്ടുമുണ്ട്. ആ സി.ഡി പലയിടത്തും പ്രവര്‍ത്തകര്‍ വിതരണം ചെയ്തിട്ടുമുണ്ട്. എല്ലാ വിഷയങ്ങളും സലഫീ മന്‍ഹജിന്റെ വെളിച്ചത്തില്‍ പഠിക്കുകയും പഠിപ്പിക്കപ്പെടുകയും വേണമെന്ന നമ്മുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് കാരണമാണ് മടവൂരികളുമായുള്ള നമ്മുടെ വ്യതിരിക്തത സാധാരണക്കാര്‍ പോലും മനസ്സിലാക്കിയത്. അതിലുള്ള വിദ്വേഷമാണ് 'ഉഗ്രവാദം പ്രചരിപ്പിക്കുന്നു' എന്ന പ്രചരണം നടത്താന്‍ മടവൂരികളെ പ്രേരിപ്പിക്കുന്നത്. ഈ കുളം കലക്കലിലൂടെ 'മടവൂരികളുമായി മിതനയം കൈകൊള്ളണം' എന്ന് ചിന്തിക്കുന്ന ഒരാളെയെങ്കിലും നമ്മുടെ കൂട്ടത്തില്‍ നിന്ന് കിട്ടിയാല്‍ അത്രയുമായല്ലോ എന്നാണ് മടവൂരീ കുബുദ്ധികളുടെ ചിന്ത. പക്ഷെ ആദര്‍ശ ബോധമുള്ള സലഫീ പ്രവര്‍ത്തകരെ വഴിതെറ്റിക്കാന്‍ തല്‍ക്കാലം മടവൂരികള്‍ നോക്കേണ്ടതില്ല.

? ജിന്നിനോടും മലക്കിനോടും സഹായം തേടാമെന്ന് നിങ്ങള്‍ പ്രചരിപ്പിക്കുന്നതായി മടവൂരികളും ക്വുബൂരികളും പറയുന്നുണ്ടല്ലോ?
= യാതൊരു തെളിവുമില്ലാത്ത ശുദ്ധമായ കളവ് എന്നല്ലാതെ എന്ത് പറയാന്‍? കഴിഞ്ഞ കാല്‍നൂറ്റാണ്ട് കാലമായി ഇടതടവില്ലാതെ തൌഹീദിന് വേണ്ടി പ്രസംഗിക്കുകയും എഴുതുകയും ഖണ്ഡന-മണ്ഡനങ്ങളിലും വാദപ്രതിവാദങ്ങളിലും സജീവമായി പങ്കുകൊള്ളുകയും ചെയ്യുന്ന എന്നെക്കുറിച്ച് ഇത്തരം ഒരു ആരോപണം ഉന്നയിച്ചാല്‍ മുജാഹിദ് പ്രവര്‍ത്തകര്‍ അത് വിശ്വസിക്കുകയില്ല. എടമുട്ടം, ഹൊസങ്കടി (മഞ്ചേശ്വരം), മണ്ണാര്‍ക്കാട്, കൊണ്ടോട്ടി, കൈപമംഗലം, തലശ്ശേരി... മുതലായ സംവാദങ്ങളിലൂടെയും നിരവധി ഖണ്ഡനപ്രസംഗങ്ങളിലൂടെയും ഇസ്വ്ലാഹ് മാസികയിലൂടെയും ഞാന്‍ ശക്തിയായി അവതരിപ്പിച്ച തൌഹീദീ ആശയത്തില്‍ നിന്നും ഞാന്‍ വ്യതിചലിച്ച് നേര്‍വിപരീതമായ ശിര്‍ക്കിലെത്തി എന്ന് എത്ര കാലം മടവൂരികള്‍ പ്രചരിപ്പിച്ചാലും അത് വിജയിക്കാന്‍ പോകുന്നില്ല. അല്ലാഹു അല്ലാത്ത ആരോടും - അത് മലക്കാകട്ടെ, ജിന്നാകട്ടെ, നബിയാകട്ടെ, വലിയ്യാവട്ടെ - ഇസ്തിഗാസ നടത്താന്‍ പാടില്ല എന്ന് വിശ്വസിക്കുന്നവരാണ് മുജാഹിദുകള്‍. എന്നിട്ടും ഇതിന് വിരുദ്ധമായി ഞാന്‍ വാദിച്ച് നടക്കുന്നുവെന്നും അത് വിശ്വസിച്ച് കുറെ മുജാഹിദുകള്‍ എന്റെ കൂടെ കൂടിയിട്ടുണ്ടെന്നുമൊക്കെ പ്രചരിപ്പിക്കുന്നവര്‍ ആടിനെ പട്ടിയാക്കുന്ന കുതന്ത്രമാണ് പയറ്റുന്നത്. ഈ ആരോപണം തെളിയിക്കാന്‍ പലയിടത്തും മടവൂരീ മൊല്ലമാരെയും അവരുടെ മൈക്കുകളായി നടക്കുന്ന സാധാരണ മടവൂരികളെയും ഞാന്‍ വെല്ലുവിളിക്കുകയുണ്ടായി. പക്ഷെ ഇതുവരെയും എന്തെങ്കിലും ഒരു തെളിവ് കൊണ്ടുവരാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല എന്നത് അവരുടെ ആശയപാപ്പരത്തം വിളിച്ചോതുന്നു. തൌഹീദീ പ്രവര്‍ത്തകരെ കുപ്രചാരണങ്ങളിലൂടെ കഴിയുന്നത്ര ക്ഷീണിപ്പിക്കുകയും അങ്ങനെ ക്വുബൂരികള്‍ക്ക് ആവേശം പകരുകയുമാണല്ലോ മടവൂരികള്‍ ഇത്രയും കാലം ചെയ്തുപോന്നിട്ടുള്ളത്. എന്നുമാത്രമല്ല, ക്വുബൂരിസം കയ്യൊഴിച്ച് തൌഹീദ് മനസ്സിലാക്കി സലഫീ പ്രസ്ഥാനത്തിലേക്ക് കടന്നുവരാന്‍ സന്നദ്ധരാകുന്നവരെ നേരില്‍ പോയി രഹസ്യമായി കണ്ട് 'ജിന്നും ശൈത്വാനും സിഹ്റും' പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് പിന്തിരിപ്പിക്കുകയും കെ.എന്‍.എമ്മിലേക്ക് പോകുന്നതിലും നല്ലത് നിങ്ങളുടെ പഴയ സുന്നി തന്നെയാണെന്ന് കുശുകുശുക്കുകയും ചെയ്യുന്നവരാണ് മടവൂരികള്‍. അത്രമാത്രം തൌഹീദീ പ്രവര്‍ത്തനത്തിന് പാര വെക്കുന്നവര്‍ ഇങ്ങനെയൊക്കെ പ്രചരിപ്പിച്ചില്ലെങ്കിലേ അല്‍ഭുതമുള്ളൂ. ഒരാളെക്കുറിച്ച് തെളിവില്ലാതെ ശിര്‍ക്കാരോപണം ഉന്നയിച്ചാല്‍ അയാള്‍ക്ക് ആ വാദമില്ലെങ്കില്‍ പ്രസ്തുത ആരോപണം ആരോപിച്ചവനിലേക്ക് തന്നെ തിരിച്ചുവരും എന്ന ഹദീസ് ആരും മറന്ന് പോകരുത്. കട്ടുമുറിച്ച ക്ളിപ്പുകളും വൈരനിര്യാതനക്കാര്‍ പടച്ചുവിടുന്ന കള്ള ആരോപണങ്ങളും നിജസ്ഥിതി അന്വേഷിച്ചറിയാതെ പറഞ്ഞുപരത്തുന്നവര്‍ പടച്ചവനെ പേടിക്കട്ടെ എന്ന് മാത്രമെ പറയാനുള്ളൂ.
പ്രബോധകനായ ഒരാളുടെ വ്യതിയാനത്തിന് അനിഷേധ്യമായ തെളിവുണ്ടെങ്കില്‍ ആയത് പറയുന്നതില്‍ മതപരമായി തെറ്റ് കാണേണ്ടതില്ല. എന്നാല്‍ കേവലം ഊഹത്തിന്റെ അടിസ്ഥാനത്തിലോ അയാളോടുള്ള വിരോധത്തിന്റെ പേരിലോ ആശയവ്യതിയാനം ആരോപിക്കുന്നത് നീതീകരിക്കാനാവില്ല.

? മുജാഹിദുകള്‍ എതിര്‍ത്ത് തോല്‍പിച്ച പല അന്ധവിശ്വാസങ്ങളും ഖുറാഫാത്തുകളും തിരിച്ചുകൊണ്ടുവരാന്‍ താങ്കള്‍ ശ്രമിക്കുകയാണെന്നാണ് മടവൂരികളുടെ മറ്റൊരാരോപണം? 2011 ഒക്ടോബറില്‍ കോഴിക്കോട് അരയിടത്ത്പാലത്ത് തുടക്കം കുറിച്ച അവരുടെ വേനല്‍കാല പരിപാടികളുടെ കാമ്പയിനിലും കാര്യമായി ഉയര്‍ത്തി വിടുകയും പിന്നീട് കേരളത്തിന്റെ പല ഭാഗങ്ങളിലും വ്യവസ്ഥാപിതമായി പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രധാന ആരോപണം കൂടിയാണിത്. 
= ഇതും മേല്‍പറഞ്ഞ പോലെ തെളിവില്ലാത്ത ആരോപണം മാത്രമാണ്. മുജാഹിദ് പ്രവര്‍ത്തകര്‍ ഇതൊക്കെ കേട്ടപാടെ വിഴുങ്ങും എന്നൊക്കെയാകും ഒരുപക്ഷെ മടവൂരികളുടെ മനസ്സിലിരുപ്പ്. പക്ഷെ പറയുന്നവരുടെ നിലവാരവും ദീനീ സ്നേഹവുമൊക്കെ തിരിച്ചറിയുന്ന മുജാഹിദ് പ്രവര്‍ത്തകര്‍ ഇത്തരം ആരോപണങ്ങളെ അവജ്ഞയോടെ തള്ളിക്കളയും. വന്നുവന്ന് മടവൂരികള്‍ക്ക് ഇപ്പോള്‍ സംസം വെള്ളവും ഇസ്റാഉ്-മിഅ്റാജും എന്തിനധികം സ്വിറാത്ത് പാലം പോലും അന്ധവിശ്വാസമാണ് എന്ന് പറയുന്നതിലേക്കാണല്ലോ അവര്‍ പോയിക്കൊണ്ടിരിക്കുന്നത്. എന്താണ് അന്ധവിശ്വാസം? എന്തിനാണ് ഖുറാഫാത്ത് എന്ന് പറയുക എന്നൊക്കെ സലഫികള്‍ക്ക് നല്ല ബോധ്യമുണ്ട്. കിതാബിന്റെയും സുന്നത്തിന്റെയും പിന്‍ബലമുള്ള യാതൊരു കാര്യവും അന്ധവിശ്വാസമോ ഖുറാഫാത്തോ ആവുകയില്ല. മറിച്ച് യാതൊരു പ്രമാണത്തിന്റെയും പിന്‍ബലമില്ലാത്തതും പില്‍ക്കാലത്ത് ചിലര്‍ ദീനിന്റെ പേരില്‍ പ്രചരിപ്പിക്കുന്നതുമായ കാര്യങ്ങളാണ് അന്ധവിശ്വാസത്തിന്റെയും ഖുറാഫാത്തിന്റെയും പട്ടികയില്‍ പെടുക. തങ്ങളുടെ ബുദ്ധിക്കും യുക്തിക്കും യോജിക്കാത്തതൊക്കെ ഖുറാഫാത്തും അന്ധവിശ്വാസവുമായി ചിത്രീകരിക്കുന്ന മടവൂരികള്‍ക്ക് ജിന്നും സിഹ്റും കണ്ണേറുമൊക്കെ തനിച്ച ഖുറാഫാത്താണെന്ന് വിളിച്ചുകൂവാന്‍ യാതൊരു മടിയുമില്ല. അങ്ങനെ അവര്‍ പറയുമ്പോള്‍ സലഫീ പ്രവര്‍ത്തകര്‍ മടവൂരികളുടെ ഇത്തരം വാദങ്ങളെ 'പച്ചയായ ഹദീസ് നിഷേധം' എന്ന് ഉറക്കെ പറയുമ്പോള്‍ അവര്‍ക്കത് സഹിക്കാനാവുന്നില്ല. അതുകൊണ്ടാണ് നമ്മെക്കുറിച്ച് 'അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു' എന്ന് വിളിച്ചുകൂവാന്‍ കാരണം. ഏതാണ് നാം പ്രചരിപ്പിക്കുന്ന അന്ധവിശ്വാസവും ഖുറാഫാത്തും? മടവൂരികള്‍ തുറന്നുപറയട്ടെ. അപ്പോള്‍ പ്രാമാണികമായി അതിന് മറുപടി പറയാം. അല്ലാതെ കാടടച്ച് വെടിവെക്കുന്നവര്‍ക്ക് മറുപടി പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല.

? ജിന്ന് ബാധിച്ചവരില്‍ നിന്നും ജിന്നിനെ അടിച്ചിറക്കാമെന്നും ജിന്ന് ചികിത്സക്ക് ക്ളിനിക്കുകള്‍ തുടങ്ങണമെന്നും നിങ്ങള്‍ക്ക് വാദമുള്ളതായും മടവൂരികള്‍ പ്രചരിപ്പിക്കുന്നുണ്ട്?
= കാസര്‍ഗോഡ് ഹദീസ് സെമിനാറിലും മറ്റും ഞാന്‍ വ്യക്തമായി നിഷേധിച്ച ഒരു സംഗതിയാണ് അത്. എന്നിട്ടും എന്റെ പേരില്‍ ഇതാരോപിക്കാന്‍ ഇക്കൂട്ടര്‍ക്ക് പടച്ചവനെപ്പേടി ഒട്ടുമില്ലേ? പിന്നെ മടവൂരികള്‍ക്ക് ഇത് ചോദിക്കാന്‍ എന്താണ് യോഗ്യത? ജിന്നിനെ ഇറക്കണമോ വേണ്ടെയോ എന്ന ചര്‍ച്ച തന്നെ വരണമെങ്കില്‍ ആദ്യം ജിന്ന് ശരീരത്തില്‍ കേറുമോ (ജിന്നുബാധയുണ്ടോ ഇല്ലെയോ) എന്ന കാര്യം ആദ്യം ചര്‍ച്ച ചെയ്യണമല്ലോ? ആദ്യം മടവൂരികളോട് ഇത് ചോദിക്കുക. "ജിന്നുബാധയുണ്ടാകുമെന്നും അതുമൂലം മുസ്ലിമായ മനുഷ്യന് രോഗമുണ്ടാകുമെന്നും നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ? അങ്ങനെ ബാധയുണ്ടായാല്‍ അതിന് 'റുക്വ്യ്യ ശറഇയ്യ'യിലൂടെ (ശറഇയ്യായ മന്ത്രത്തിലൂടെ) ചികിത്സിക്കാം എന്ന് നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ? ഈ രണ്ട് ചോദ്യത്തിനും അവര്‍ മറുപടി പറഞ്ഞാലല്ലേ ജിന്നിനെ ഇറക്കുമ്പോള്‍ എന്തൊക്കെയാവാമെന്ന് അവരോട് പറയേണ്ടതുള്ളൂ. അതല്ലാതെ ജിന്നുബാധ തന്നെ ഉണ്ടാവില്ല എന്ന് പറയുന്നവര്‍ പിന്നെ ബാധയുണ്ടായാല്‍ അടിച്ചിറക്കണോ വേണ്ടയോ എന്ന ചര്‍ച്ചയിലേക്ക് പോകുന്നത് പരിഹാസ്യമല്ലേ? ഇപ്പോള്‍ മടവൂരികളുടെ സംസാരം കേട്ടാല്‍ തോന്നുക, ജിന്ന് ബാധിക്കും എന്നും അതിനെ ശറഇയ്യായ മന്ത്രത്തിലൂടെ ചികിത്സിക്കാം എന്നും അവരടക്കമുള്ളവര്‍ പണ്ടേ അംഗീകരിച്ചതാണെന്നും എന്നാല്‍ അടിച്ചിറക്കാമോ പാടില്ലേ എന്നതിലേ ആകെപ്പാടെ മുജാഹിദുകളും മടവൂരികളും തമ്മില്‍ തര്‍ക്കമുള്ളൂ എന്നുമാണ്. പിന്നെ, ഞാനടക്കമുള്ള നമ്മുടെ പ്രധാന പ്രബോധകര്‍ പി.എന്‍. അബ്ദുല്ലത്തീഫ് മദനിയുടെയും കുഞ്ഞുമുഹമ്മദ് പറപ്പൂരിന്റെയും സാന്നിധ്യത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്തപ്പോള്‍, റുക്വ്യ്യയുടെ ഭാഗമായി അടിക്കുക പോലുള്ള സംഗതികള്‍ സ്ഥിരപ്പെട്ടതല്ല എന്ന തീരുമാനത്തിലാണെത്തിയത്. ഇതാണ് എന്റെ നിലപാട്. പിന്നെ, ജിന്നും പിശാചും ശാരീരികമായി ഉപദ്രവിക്കുകയില്ലെന്നും സിഹ്റ് ബാധിക്കുകയില്ലെന്നും വിളിച്ചുകൂവുന്ന മടവൂരികള്‍ അടിച്ചിറക്കുന്ന വിഷയം എന്തിനാണ് ചര്‍ച്ച ചെയ്യുന്നത്? മാത്രവുമല്ല മടവൂരികളുടെ നേതാവ് സാക്ഷാല്‍ ഹുസൈന്‍ മടവൂര്‍ തന്നെ പത്ത് കൊല്ലം മുമ്പ് കടവത്തൂരില്‍ വെച്ച് എന്നോട് പറഞ്ഞ കാര്യം സാന്ദര്‍ഭികമായി ഉണര്‍ത്തട്ടെ. "സകരിയ്യാ! ജിന്ന് ബാധയുണ്ട്, സിഹ്ര്‍ ബാധയുണ്ട്. പക്ഷെ ഞാന്‍ ചികിത്സിക്കുന്നുണ്ടോ? നീ ചികിത്സിക്കുന്നുണ്ടോ? നമ്മള്‍ ഇതിന് ചികിത്സ നടത്താത്തിടത്തോളം കാലം ഇതൊക്കെ ഉണ്ട് എന്ന് പറഞ്ഞാല്‍ നമ്മുടെ ജനങ്ങള്‍ വീണ്ടും തങ്ങന്‍മാരുടെയും മുസ്ലിയാക്കന്മാരുടെയും അടുത്തേക്ക് പോകും. അതുകൊണ്ട്, ചികിത്സിക്കുന്നില്ലെങ്കില്‍ ഇതൊക്കെ (ജിന്ന് ബാധ, സിഹ്ര്‍ ബാധ) ഇല്ല എന്ന് പറയലാണ് നമുക്ക് സൌകര്യം''
ഇത് ഹുസൈന്‍ മടവൂര്‍ എന്നോട് നേരിട്ട് പറഞ്ഞതാണ്. അല്ലാഹുവിനെ പേടിയുണ്ടെങ്കില്‍ ഹുസൈന്‍ മടവൂര്‍ ഇത് നിഷേധിക്കില്ല. നോക്കൂ! അറിഞ്ഞ സത്യം മറച്ചുവെച്ച് ആളുകള്‍ക്കനുസരിച്ച് നീങ്ങണമെന്നും അതാണ് നമുക്ക് സൌകര്യമെന്നും മടവൂര്‍ പറയുന്നു. ദീനില്‍ സ്ഥിരപ്പെട്ട കാര്യം ജനങ്ങളെ യഥോചിതം പഠിപ്പിക്കുകയല്ലാതെ ദീന്‍ മൂടിവെക്കണമെന്ന് പറയുന്നത് ഒരു മുജാഹിദ് പ്രവര്‍ത്തകന് യോജിച്ചതാണോ? യഥാര്‍ത്ഥത്തില്‍ സിഹ്ര്‍ ഫലിക്കുമെന്നും ജിന്ന് ബാധയും പിശാച് ബാധയും ഉണ്ടെന്നും അതിന് റുക്വ്യ്യ ശറഇയ്യ കൊണ്ട് ചികിത്സിക്കാമെന്നും വിശ്വസിക്കുന്ന വലിയൊരു വിഭാഗം പണ്ഡിതന്മാര്‍ മടവൂരികളിലുണ്ട്. പക്ഷെ, യാതൊരു ദീനുമില്ലാത്ത, കിതാബുമായി പുലബന്ധം പോലുമില്ലാത്ത മൂന്നോ നാലോ ആളുകളാണ് ഇന്ന് മടവൂരികള്‍ക്ക് വേണ്ടി പ്രസംഗിച്ചുനടക്കുന്നത്. അത്തരക്കാരുടെ യുക്തിക്കും ബുദ്ധിക്കും യോജിക്കാത്ത ഹദീസുകള്‍ അവര്‍ തള്ളിക്കളയുകയും പ്രമാണങ്ങളിലുള്ളത് പറയുന്ന സലഫീ പണ്ഡിതന്മാരെ പുച്ഛിക്കുകയും ചെയ്യുന്നു എന്നതാണ് മുജാഹിദ് കേരളം നേരിടുന്ന വര്‍ത്തമാനകാല ദുരന്തം.

? വിജന പ്രദേശത്ത് ഒറ്റപ്പെട്ടു പോയാല്‍ മലക്കുകളോടും ജിന്നുകളോടും വിളിച്ചുസഹായം തേടാമെന്ന് ഇസ്വ്ലാഹ് മാസികയില്‍ എഴുതിയിട്ടുണ്ട് എന്നതാണ് വലിയൊരു പ്രചാരണം. ഇതിനെ കുറിച്ച് എന്ത് പറയുന്നു?
= മറ്റെല്ലാറ്റിലുമെന്ന പോലെ മടവൂരികള്‍ ഇസ്വ്ലാഹിന്റെ പേരില്‍ ആരോപിക്കുന്ന പച്ചക്കള്ളമാണിത്. മരുഭൂമിയില്‍ ഒറ്റപ്പെടുമ്പോഴോ മറ്റോ മലക്കുകളോടോ ജിന്നുകളോടോ സഹായം തേടണമെന്നോ തേടാമെന്നോ ഇസ്വ്ലാഹ് മാസികയില്‍ എഴുതിയിട്ടില്ല. അങ്ങനെ മലക്കുകളോടോ ജിന്നുകളോടോ സഹായം തേടാമെന്ന് എനിക്കോ മറ്റു സലഫികള്‍ക്കോ വാദവുമില്ല. 2008 ജനുവരി ലക്കം ഇസ്വ്ലാഹ് മാസികയില്‍ അത് തുറന്നെഴുതിയിട്ടുമുണ്ട്. അത് ഇങ്ങനെ വായിക്കാം. "നമ്മുടെ ജീവിതത്തിലെ ഒരു സാഹചര്യത്തിലും ജിന്നിനോട് സഹായം തേടാന്‍ ക്വുര്‍ആനിലും ഹദീസിലും തെളിവില്ല.'' ഈ ഭാഗം മറച്ചുപിടിച്ചുകൊണ്ടാണ് മലക്കുകളോടും ജിന്നുകളോടും സഹായം തേടാം എന്ന വാദം മടവൂരികള്‍  മുജാഹിദുകളുടെ പേരില്‍ പറഞ്ഞുനടക്കുന്നത്. ജിന്നിനോടും മലക്കുകളോടും സഹായം തേടാമെന്ന വാദം ഇസ്ലാമികമല്ല. മുജാഹിദ് പ്രവര്‍ത്തകര്‍ക്കാര്‍ക്കും തന്നെ ഈ വാദവുമില്ല. ഇത് കെ.ജെ.യു തന്നെ തുറന്ന് പറഞ്ഞ കാര്യമാണ്. കെ.ജെ.യു. 2011 ഡിസംബറില്‍ പുറത്തിറക്കിയ 'ജിന്ന്, പിശാച്, റുക്വ്യ്യ ശറഇയ്യ: പ്രമാണങ്ങളുടെ വെളിച്ചത്തില്‍' എന്ന പുസ്തകത്തിന്റെ 19-ാം പേജില്‍ വ്യക്തമാക്കുന്നത് കാണുക. "........എന്നാല്‍ അല്ലാഹുവിന്റെ പ്രകാശം ഊതിക്കെടുത്താനുള്ള വിഫലശ്രമം മാത്രമായി അത് കലാശിച്ചു. ഇത്തരം ശ്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് മുജാഹിദുകള്‍ ജിന്നുകളോട് സഹായം തേടാമെന്ന് വാദിക്കുന്നവരാണ് എന്ന ആരോപണം.''
ഇത്രയും വ്യക്തമാണ് നമ്മുടെ വീക്ഷണം എന്നിരിക്കെ പിന്നെയും ജിന്നിനോട് സഹായം തേടാമെന്ന് വാദിക്കുന്നവരാണ് നമ്മളെന്ന് പ്രചരിപ്പിക്കുന്നവര്‍ നാളെ പരലോകമെന്നൊരു സംഗതിയുണ്ടെന്ന കാര്യം മറക്കരുതെന്നേ പറയാനുള്ളൂ. മാത്രവുമല്ല, നമുക്കെതിരെ ഇത്തരം കുപ്രചാരണങ്ങള്‍ നടത്തുന്ന മടവൂരികളുടെ സ്ഥിതിയെന്താണ്? സത്യത്തില്‍ അവര്‍ക്കല്ലേ ഇത്തരം വാദമുള്ളത്? അത് അവരുടെ അത്തൌഹീദ് മാസികയില്‍ എഴുതിയിട്ടുമില്ലേ? ആ വാചകം കാണുക: "മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോയാല്‍ ഉറക്കെ വിളിച്ചന്വേഷിക്കുക. മലക്കുകള്‍ രക്ഷക്കെത്തും.'' (അത്തൌഹീദ് മാസിക. 2004. ഏപ്രില്‍. 13) ഇങ്ങിനെയൊക്കെ മടവൂരികള്‍ എഴുതിവിട്ടിട്ടും നമുക്കെതിരെ അവര്‍ ആരോപണവുമായി ഇറങ്ങിയിരിക്കുന്നു! ഇതെന്തു നീതിയാണ്? സത്യമിതാണെന്നിരിക്കെ ഇതിന് വിരുദ്ധമായി ആരൊക്കെ എന്തൊക്കെ കുതന്ത്രം കളിച്ചാലും അത്തരം കുതന്ത്രക്കാരുടെ കുപ്രചാരണങ്ങള്‍ അല്ലാഹു പൊളിക്കുക തന്നെ ചെയ്യും.

ബദ്രീങ്ങളോടും മുഹ്യുദ്ദീന്‍ ശൈഖിനോടും സഹായം തേടുന്നത് ശിര്‍ക്കാണെന്ന് പറയുന്ന താങ്കള്‍ ജിന്നിനോടും മലക്കിനോടും സഹായം തേടാമെന്ന് വാദിക്കുന്നതായി മടവൂരികള്‍ ആരോപിക്കുന്നു. ഇതിനെക്കുറിച്ച് എന്ത് പറയുന്നു?
ബദ്രീങ്ങളെ കാക്കണേ, മുഹ്യിദ്ദീന്‍ ശൈഖേ രക്ഷിക്കണേ എന്നിങ്ങനെ മരിച്ചുപോയ മഹാന്മാരോട് പ്രാര്‍ത്ഥിക്കുന്നതും സഹായം തേടുന്നതും ശിര്‍ക്കായ പോലെതന്നെ ജിന്നിനോടും മലക്കിനോടും സഹായം തേടുന്നതും പ്രാര്‍ത്ഥിക്കുന്നതും ശിര്‍ക്ക് തന്നെയാണ്. ഈ വിഷയത്തില്‍ സലഫികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കി മുതലെടുക്കാനുള്ള മടവൂരികളുടെ ശ്രമം സലഫികള്‍ തിരിച്ചറിയുക തന്നെ ചെയ്യും.
എന്നാല്‍ അബ്ദുസ്സലാം സുല്ലമി 'ജിന്ന്, പിശാച്, സിഹ്റ്, വിശ്വാസവും അന്തവിശ്വാസവും' എന്ന പുസ്തകത്തില്‍ "ഭാര്യയുമായി ബന്ധത്തില്‍ ഏര്‍പ്പെടുന്ന സന്ദര്‍ഭത്തില്‍ പിശാചിനോട് രക്ഷ തേടിയാല്‍ കുട്ടിയെ പിശാച് യാതൊന്നും ഉപദ്രവിക്കുകയില്ല എന്ന് നബി(സ) പ്രസ്താവിച്ച ഹദീസുകളാണ് കൂടുതല്‍ പ്രബലമായിട്ടുള്ളത്'' എന്ന് എഴുതിയതായി കാണുന്നു. ഇത് ഇയാള്‍ക്ക് പറ്റിയ അബദ്ധമായിരിക്കുമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. എന്നാല്‍ മടവൂരികളുടെ നേതാവായിരുന്ന കെ.കെ. മുഹമ്മദ് സുല്ലമി "മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോയാല്‍ ഉറക്കെ വിളിച്ചന്വേഷിക്കുക, മലക്കുകള്‍ രക്ഷക്കെത്തും'' എന്നെഴുതിയതായി കാണുന്നു. (അത്തൌഹീദ് മാസിക. 2004. ഏപ്രില്‍) സത്യത്തില്‍ ഇത്തരത്തിലുള്ള വാദം മടവൂരികള്‍ക്കാണുള്ളത്.

ചോദ്യം: വിഗ്രഹങ്ങള്‍ സംസാരിക്കുമെന്നും, മനുഷ്യരെ ശിര്‍ക്കില്‍ തന്നെ ഉറപ്പിച്ച് നിര്‍ത്താന്‍ വേണ്ടി പിശാചുക്കള്‍ വിഗ്രഹങ്ങളുടെ പിന്നില്‍ നിന്ന് സംസാരിച്ചേക്കാമെന്നുമൊക്കെ നിങ്ങള്‍ പ്രസംഗിച്ചതായി മടവൂരികള്‍ പ്രചരിപ്പിക്കുന്നുണ്ടല്ലോ. ഇതിന്റെ വസ്തുത എന്താണ്?
ഉത്തരം: വിഗ്രഹം സംസാരിക്കുമെന്നോ അവക്ക് സംസാരിക്കാന്‍ കഴിയുമെന്നോ ഞാന്‍ എവിടെയും പ്രസംഗിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ല. അതെല്ലാം മടവൂരികളുടെ നുണ പ്രചരണം  മാത്രമാണ്.
വിഗ്രഹം സംസാരിച്ചു, വിഗ്രഹം പാല്‍ കുടിച്ചു, ബിംബത്തിന്റെ കണ്ണില്‍ നിന്നും ചോര വന്നു എന്നിങ്ങനെയുള്ള പല വ്യാജ കഥകളും വിഗ്രഹ പൂജകന്‍മാര്‍ പ്രചരിപ്പിക്കാറുണ്ട്. കുറച്ച് കാലത്തേക്ക് ഈ കെട്ട് കഥ പ്രചരിക്കുമെങ്കിലും കൂടുതല്‍ ആളുകള്‍ സത്യാവസ്ഥ അന്വേഷിച്ച് വരുമ്പോഴേക്കും  നുണക്കഥ പ്രചരിപ്പിച്ചവര്‍ തന്നെ പിന്‍വലിയുന്നതാണ് നാം കണ്ട് വരാറുള്ളത്.
വിഗ്രഹങ്ങള്‍ കേള്‍ക്കുമെന്നോ, സംസാരിക്കുമെന്നോ, ഉത്തരം നല്‍കുമെന്നോ അവയെ ആരാധിക്കുന്നവര്‍ക്ക് തന്നെ വാദമില്ല. പ്രസ്തുത  വിഗ്രഹം ആരെയാണോ പ്രതിനിധീകരിക്കുന്നത് ആ ശക്തി / വ്യക്തി  പ്രാര്‍ഥന കേള്‍ക്കും, തങ്ങളുടെ വിഷമങ്ങള്‍ അറിയും, തങ്ങളെ സഹായിക്കും എന്ന വിശ്വാസത്തോടെയാണ് അവര്‍ ബിംബങ്ങള്‍ക്ക് മുമ്പില്‍ ആരാധനകള്‍ അര്‍പ്പിക്കുന്നത്. ഇബ്രാഹിം നബി(അ)യുടെ കാലത്തുള്ള മുശ്രിക്കുകള്‍ വിഗ്രഹം സംസാരിക്കുകയില്ല എന്ന കാര്യം സമ്മതിച്ചിരുന്നതായി  വിശുദ്ധ ക്വുര്‍ആന്‍ (21 : 65) തന്നെ വ്യക്തമാക്കുന്നുമുണ്ട്.
കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനും, ചുരുങ്ങിയ സമയം കൊണ്ട് തങ്ങളുടെ വരുമാനം പതിന്‍മടങ്ങ് വര്‍ദ്ധിപ്പിക്കാനും വേണ്ടി വിഗ്രഹ പൂജകരും, ക്വബ്ര്‍ പൂജകരും അവരുടെ ഏജന്റ്മാരും പ്രചരിപ്പിക്കുന്ന തട്ടിപ്പുകളെക്കുറിച്ച് എന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു.  വിഗ്രഹം സംസാരിച്ചു എന്നത് പോലെയുള്ള കഥകള്‍ക്ക് പിന്നില്‍ അതിന്റെ പങ്ക് പറ്റികളുടെ ആസൂത്രിതമായ നുണ പ്രചരണമോ, ശബ്ദമുണ്ടാക്കുന്ന വല്ല യന്ത്രവും ഒളിപ്പിച്ച് വെക്കുക പോലെയുള്ള തട്ടിപ്പുകളോ കാണാന്‍ കഴിയും. അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍, വിഗ്രഹം സംസാരിച്ചു എന്ന്  ഭക്തന്റെ മനസ്സില്‍ പിശാച്  തോന്നിപ്പിച്ചതായിരിക്കാനും സാധ്യതയുണ്ട്.  ഇനി ഒരു നിലക്കും അതിന്റെ പിന്നിലുള്ള തട്ടിപ്പ് മനസ്സിലാക്കാന്‍ നമുക്ക് കഴിയുന്നില്ല എങ്കില്‍, വിഗ്രഹത്തിന്റെ പിന്നില്‍ നിന്ന് പിശാച് സംസാരിച്ചു ശബ്ദം കേള്‍പ്പിച്ചു എന്ന് കരുതാനേ നിവൃത്തിയൊള്ളൂ എന്ന നിലക്കാണ് ഞാന്‍ വിശദീകരിച്ചത്. കാരണം, വിഗ്രഹത്തിനോ അത് പ്രതിനിദാനം ചെയ്യുന്ന ദേവനോ/മരിച്ചുപോയ പുണ്യാളനോ ജനങ്ങളോട് സംസാരിക്കാന്‍ കഴിയില്ല എന്നത് വ്യക്തമാണല്ലോ? തൌഹീദ് സ്ഥാപിക്കാനും ശിര്‍ക്കന്‍മാരുടെ തട്ടിപ്പുകള്‍ തുറന്ന് കാട്ടാനും വേണ്ടി നടത്തിയ പ്രസംഗത്തിലെ  പ്രസ്തുത ഭാഗം നേര്‍ക്ക് നേര്‍ ശ്രവിച്ച ആര്‍ക്കും, വിഗ്രഹം സംസാരിക്കുമെന്നോ വിഗ്രഹത്തിന്റെ പിന്നില്‍ നിന്ന് പിശാച് സംസാരിക്കുമെന്നോ സ്ഥാപിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല എന്ന് ബോധ്യമാകും. ഞാനൊരു സാധ്യത മാത്രമാണ് പറഞ്ഞത്. മടവൂരികളുടെ കുപ്രചാരണത്തിന്റെ ഫലമായി ആര്‍ക്കെങ്കിലും മറിച്ച് തോന്നിയിട്ടുണ്ട് എങ്കില്‍ അതില്‍ ഞാന്‍ നിര്‍വ്യാജം ഖേദിക്കുന്നു. മാത്രമല്ല, മടവൂരികള്‍ ഇത് ഗ്രൂപ്പിസം തലയില്‍ കയറി പറയുകയാണ് എന്നത് വ്യക്തമാണ്. കാരണം, അവരുടെ ശബാബിലും ഇതേ ആശയം എഴുതിയിട്ടുണ്ടല്ലോ. അത് കാണുക: "ആരെങ്കിലും കടലിന് മുകളിലൂടെ നടന്ന് കാണിച്ചാലും, വായുവിലൂടെ കൈകള്‍ തുഴഞ്ഞ് നീന്തിയാലും പിശാച് അവനെ താങ്ങിക്കൊണ്ട് പോകുകയായിരിക്കുമെന്ന് കരുതുകയല്ലാതെ അവന് ദിവ്യത്വം കല്‍പിക്കാന്‍ ഇസ്ലാമില്‍ വകുപ്പില്ല'' എന്ന് മുമ്പ് ശബാബില്‍ (2000. ഒക്ടോബര്‍. 27) ഇത് പോലെയുള്ള ഒരു പ്രയോഗം മാത്രമായിരുന്നു വാസ്തവത്തില്‍ എന്റെ പ്രസംഗത്തിലും ഞാന്‍ നടത്തിയത്. പക്ഷെ, മടവൂരികള്‍ പിശാച് ഇങ്ങനെ ചെയ്യാം എന്നുള്ള സാധ്യത മാത്രമല്ല, ഇത്തരത്തില്‍ ചെയ്യുമെന്ന് ഉറപ്പിച്ച് തന്നെ പറഞ്ഞിട്ടുണ്ട്. അബൂബക്കര്‍ കാരക്കുന്ന് ഒരു വിവര്‍ത്തന ഗ്രന്ഥത്തില്‍ എഴുതുന്നത് കാണുക: ".......... ഇതിനാലാണ് മുന്‍ഗാമികളായ ഇമാമുകള്‍ ഇങ്ങനെ പറഞ്ഞത്: നിങ്ങള്‍ ഒരാള്‍ ശൂന്യാകാശത്തില്‍ പറക്കുന്നതോ ജലപ്പരപ്പിലൂടെ നടക്കുന്നതോ കണ്ടാല്‍ അയാളെ സിദ്ധനെന്ന് തെറ്റിദ്ധരിക്കരുത്. മതത്തിന്റെ വിധിവിലക്കുകളോടുള്ള അയാളുടെ സമീപനം എന്തെന്ന് സസൂക്ഷ്മം വീക്ഷിക്കുക........ പിശാചാണ് അവനെ ആകാശത്തില്‍ പറത്തുന്നത്. ഇത്തരം കഥകള്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ പിശാചാണ് സ്വാധീനിക്കുന്നത്.'' (തൌഹീദിന്റെ സന്ദേശം. യുവത പ്രസിദ്ധീകരണം. പേജ് 53) സ്വഹീഹുല്‍ ബുഖാരിയുടെ പരിഭാഷയില്‍ പോലും സ്വന്തമായി അടിക്കുറിപ്പ് കൊടുക്കുന്ന മടവൂരികള്‍ ഈ വാചകത്തിന് ഒരു അടിക്കുറിപ്പോ വിയോജിപ്പോ ഒന്നും കൊടുത്തിട്ടില്ല. എന്നിട്ട് ഇവരാണ് എന്നെ വിമര്‍ശിക്കാന്‍ നടക്കുന്നത്.

ചോദ്യം: ജര്‍മ്മനിയില്‍ നിന്നും മരുന്ന് കൊണ്ട് വന്ന് കൊടുക്കാന്‍ ജിന്നുകള്‍ക്ക് കഴിയുമെന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?.
ഉത്തരം: മടവൂരികള്‍ ഏറെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു വിഷയമാണിത്. മനുഷ്യര്‍ ആവശ്യപ്പെടുമ്പോള്‍  ജര്‍മ്മനിയില്‍ നിന്നും മരുന്ന് കൊണ്ട് വന്ന് കൊടുക്കാനോ, വാച്ച് കൊണ്ട് വന്ന് കൊടുക്കാനോ കഴിയും വിധം ജിന്നുകളെ മനുഷ്യര്‍ക്ക് കീഴ്പെടുത്തിക്കൊടുത്തിട്ടുണ്ടെന്നുള്ള യാതൊരു വിശ്വാസവും എനിക്കില്ല. ജിന്ന് പൂജകരുടെയും ആള്‍ ദൈവങ്ങളുടെയും വ്യാജ അവകാശവാദങ്ങള്‍ എണ്ണിപ്പറഞ്ഞ കൂട്ടത്തില്‍ വന്ന ചില പരാമര്‍ശങ്ങള്‍ മാത്രമാണത്. കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി ഇത്തരത്തില്‍ വല്ലതും കൊണ്ട് വരാന്‍ ഒരു ജിന്നു പൂജകനും സാധ്യമല്ല.
ഇത് പോലെയുള്ള  എന്തെങ്കിലും അല്‍ഭുതങ്ങള്‍ മനുഷ്യ ദൈവങ്ങള്‍ കാണിച്ചതായി വിശ്വസനീയമായ ഒരു റിപ്പോര്‍ട്ടും നമ്മള്‍ ഇത് വരെ കേട്ടിട്ടില്ല. സായിബാബ ശൂന്യതയില്‍ നിന്നും ഭസ്മവും സ്വര്‍ണ ചെയിനുമെല്ലാം പ്രത്യക്ഷപ്പെടുത്തിയിരുന്നത്, സാധാരണ മാജിക്കുകാര്‍ ചെയ്യുന്നത് പോലെ ചില തട്ടിപ്പുകളിലൂടെ മാത്രമാണെന്ന് ദൃശ്യ മാധ്യമങ്ങളിലൂടെ നാം കണ്ടതാണ്. 

ചോദ്യം: ഗ്വയ്ബ് അല്ലാഹുവിന്ന് മാത്രമല്ലേ അറിയുകയുള്ളൂ?  ജ്യോല്‍സ്യന്‍മാര്‍ക്ക് ഗ്വയ്ബ് അറിയാനുള്ള കഴിവുണ്ടെന്ന് താങ്കള്‍ക്ക് വാദമുണ്ടോ?
ഉത്തരം: ഗ്വയ്ബ് അല്ലാഹുവിന്ന് മാത്രമേ അറിയുകയുള്ളൂ എന്നത് ഇസ്ലാമിന്റെ അടിസ്ഥാന ആശയമാണ്. അല്ലാഹു ഉദ്ദേശിച്ച പ്രവാചകന്മാര്‍ക്ക് അവന്‍ ഉദ്ദേശിക്കുന്ന സന്ദര്‍ഭത്തിലല്ലാതെ ഗ്വയ്ബ് അറിയിച്ച് കൊടുക്കുകയില്ല എന്ന് വിശുദ്ധ ക്വുര്‍ആന്‍(72:26,27) വ്യക്തമാക്കുന്നുമുണ്ട്. 'അദൃശ്യകാര്യം (ഗ്വയ്ബ്) ഞാന്‍ അറിയുകയുമില്ല' എന്ന് പ്രഖ്യാപിക്കാനാണ് അല്ലാഹു നബി(സ്വ)യോട് ആവശ്യപ്പെടുന്നത് (വി.ക്വു: 6:50). അത് പോലെ തന്നെ, "ഗയ്ബ് അറിയുമായിരുന്നുവെങ്കില്‍ നന്‍മ വര്‍ധിപ്പിക്കാന്‍ എനിക്ക് കഴിയുമായിരുന്നു'' എന്ന് വിശദീകരിച്ച് കൊടുക്കുവാനും അല്ലാഹു നബി(സ്വ)യോട് നിര്‍ദ്ദേശിക്കുന്നുണ്ട് (വി. ക്വു: 7:188).
ജ്യോത്സന്‍മാര്‍ക്കെന്നല്ല, ഒരാള്‍ക്കും ഗ്വയ്ബ് (മറഞ്ഞ കാര്യം) അറിയാനുള്ള കഴിവില്ല . പ്രകൃതിപരമായി ജിന്നുകളുടെ സഞ്ചാരലോകത്ത് അവര്‍ക്കറിയാന്‍ കഴിയുന്ന കാര്യങ്ങള്‍ ഗ്വൈബല്ല. ജനങ്ങളുടെ ഭാവിയും ഭൂതവും വര്‍ത്തമാനവുമൊക്കെ കൃത്യമായി പ്രവചിക്കുമെന്ന് അവകാശപ്പെടുന്ന ധാരാളം തട്ടിപ്പ് വീരന്മാര്‍ എല്ലാ മത വിഭാഗങ്ങളിലും കാണാറുണ്ടല്ലോ!. എന്നാല്‍ സുനാമി, ഭൂമി കുലുക്കം, തീവണ്ടി അപകടം എന്നിങ്ങനെയുള്ള ഏതെങ്കിലും ദുരന്തങ്ങള്‍ അവര്‍ പ്രവചിച്ചതായോ, അതിലൂടെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ അവര്‍ക്ക് കഴിഞ്ഞതായോ നാം ഇത് വരെ കേട്ടിട്ടില്ല. രാഷ്ട്രീയക്കാരുടെ തെരഞ്ഞെടുപ്പ് വിജയങ്ങളെക്കുറിച്ചും മറ്റും അവര്‍ നടത്താറുള്ള പ്രവചനങ്ങളുടെ അവസ്ഥ എന്താണെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ.
എല്ലാതരം ദൃശ്യ അച്ചടി മാധ്യമങ്ങളിലും വ്യാപകമായി അന്ധവിശ്വാസങ്ങള്‍ വിറ്റഴിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍, വിശ്വാസികളുടെ ഉത്തരവാദിത്തം വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. ഒരാള്‍ ജ്യോത്സ്യനെ സമീപിച്ചാല്‍ അയാളുടെ നാല്‍പത് ദിവസത്തെ നമസ്കാരം സ്വീകരിക്കപ്പെടുകയില്ല എന്ന കാര്യവും, അയാള്‍ ജ്യോത്സ്യന്‍ പറയുന്നത് വിശ്വസിക്കുക കൂടി ചെയ്താല്‍ അയാള്‍ നബി(സ്വ)ക്ക് അവതരിപ്പിച്ചതില്‍ (ക്വുര്‍ആനില്‍) അവിശ്വസിച്ചു എന്ന കാര്യവും നാം മുസ്ലിംകളെ പ്രാധാന്യ പൂര്‍വ്വം പഠിപ്പിക്കേണ്ടതുണ്ട്.

ചോദ്യം: ഗ്വയ്ബ് അല്ലാഹുവിന്ന് മാത്രമേ അറിയുകയുള്ളൂ എന്ന് താങ്കള്‍ വിശദീകരിച്ചു. എന്നാല്‍ ജ്യോല്‍സ്യന്‍മാര്‍ക്ക് തങ്ങളെ കാണാന്‍ വരുന്നവരെ പേരു വിളിച്ച് അവരുടെ പ്രശ്നങ്ങള്‍ അങ്ങോട്ട് പറയാനുള്ള കഴിവുണ്ടെന്ന് താങ്കള്‍ പ്രസംഗിച്ചതായി വിമര്‍ശനമുണ്ടല്ലോ? 
ഉത്തരം: തന്നെ കാണാന്‍ വരുന്നവരുടെയിടയില്‍ തനിക്ക് ദിവ്യത്വമുണ്ടെന്ന് സ്ഥാപിക്കാന്‍ വേണ്ടി പലതരം തട്ടിപ്പുകളും ജ്യോല്‍സ്യന്‍മാര്‍ നടത്താറുണ്ടെന്നത് എല്ലാവര്‍ക്കും അറിവുള്ളതാണ്. ഏജന്റ്മാരെ ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിച്ച് അവര്‍ ദിവ്യ ദൃഷ്ടിയിലൂടെ കണ്ടെത്തിയ കാര്യങ്ങളായി അവതരിപ്പിക്കുക, കാണാന്‍ വരുന്നവരുമായുള്ള സംസാരത്തില്‍ നിന്ന് തന്നെ അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി സ്വന്തം പ്രവചനമായി അറിയിക്കുക, എല്ലാവര്‍ക്കും പൊതുവേ ബാധകമായ കാര്യങ്ങള്‍ പറഞ്ഞ് ഭക്തന്റെ വിശ്വാസം നേടിയെടുക്കാന്‍ ശ്രമിക്കുക എന്നിങ്ങനെ പല വിധ കുതന്ത്രങ്ങളും ജ്യോല്‍സ്യന്‍മാര്‍ പയറ്റാറുണ്ട്.
എന്നാല്‍, ഇത് പോലെയുള്ള വിശദീകരണങ്ങള്‍ക്കൊന്നും യാതൊരു സാധ്യതയുമില്ലാത്ത ചില പ്രവചനങ്ങള്‍ ജ്യോത്സ്യന്‍മാര്‍ നടത്തിയതായും അത് സത്യമായി പുലര്‍ന്നതായും ചിലര്‍ സാക്ഷ്യപ്പെടുത്താറുണ്ട്. ഇത് പോലെയുള്ള സന്ദര്‍ഭങ്ങളില്‍, ഇതിന്റെ ഉള്ളു കള്ളികള്‍ തുറന്ന് കാണിക്കാന്‍ ശ്രമിക്കേണ്ടത് മുവഹ്ഹിദുകളുടെ ബാധ്യതയാണെന്ന് ഡോ: ഉസ്മാന്‍ സാഹിബ് നമ്മെ ഉപദേശിച്ചിട്ടുണ്ട്. 
അല്ലെങ്കില്‍, അവര്‍ ജ്യോത്സ്യന്‍മാരുടെ ആശ്രിതരായി മാറാനും, അവര്‍ പറയുന്നതെന്തും വിശ്വസിച്ച് ശിര്‍ക്കിലേക്കും കുഫ്റിലേക്കും ചെന്നെത്താനും സാധ്യതയുണ്ട്. തങ്ങളുടെ മുഴുവന്‍ സമ്പാദ്യവും ഇത് പോലെയുള്ള കപടന്‍മാര്‍ക്ക് എഴുതിക്കൊടുത്ത് അവരുടെ ശിഷ്യരായി ജീവിക്കുന്ന ഹതഭാഗ്യരെ നമുക്ക് എല്ലാ മത വിഭാഗങ്ങളിലും കാണാം. നല്ല നിലയില്‍ ഭൌതിക വിദ്യാഭ്യാസം നേടിയവര്‍ വരെ ഇങ്ങനെയുള്ള ചതിക്കുഴിയില്‍ വീഴുന്നു എന്നത് ഒരു പരമാര്‍ഥമാണ്. ഈ കാര്യം നമ്മുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ അല്‍മനാറില്‍ പോലും എഴുതിയിട്ടുണ്ട്. അല്‍മനാര്‍ റമദാന്‍ വിശേഷാല്‍ പതിപ്പില്‍ എഴുതുന്നത് കാണുക:- "മനുഷ്യദൈവങ്ങള്‍ക്ക് അവരുടെ കൂട്ടുകാരനായ പിശാചില്‍ നിന്ന് ചില ഉപദേശങ്ങള്‍ ലഭിക്കുന്നു. തന്നെ സന്ദര്‍ശിക്കാന്‍ വരുന്ന ഭക്തന്റെ കൂട്ടുകാരനായ പിശാചുമായി ബന്ധപ്പെട്ട് മനുഷ്യദൈവത്തിന്റെ ഖരീന്‍, സന്ദര്‍ശകന്റെ ഉദ്ദേശ്യവും ലക്ഷ്യവുമെല്ലാം മനസ്സിലാക്കുകയും അത് സന്ദര്‍ശകനോട് പറയുകയും ചെയ്യുന്നതോടെ മനുഷ്യദൈവത്തിന്റെ ദൈവീകത്വം(?) ഭക്തന് കൂടുതല്‍ ബോധ്യപ്പെടുന്നു.'' (അല്‍മനാര്‍. 1998. പേജ്. 125.)
കാണാന്‍ വരുന്നയാളുടെ കൂടെയുള്ള ക്വരീന്‍ (പിശാച്) ജ്യോല്‍സ്യന്റെ ക്വരീനുമായി ആശയവിനിമയം നടത്തുന്നത് കൊണ്ടായിരിക്കാം വന്നയാളുടെ പേരും മറ്റു വിവരങ്ങളും ചോദിച്ചറിയാതെ തന്നെ പറയാന്‍ ചില സന്ദര്‍ഭങ്ങളില്‍ ജ്യോത്സ്യനും മറ്റും സാധിക്കുന്നത് എന്നാണ് ഇതിനെക്കുറിച്ച് പഠിച്ച ഡോ: ഉസ്മാന്‍ സാഹിബ് (റഹി) എഴുതിയിട്ടുള്ളത്. അദ്ദേഹം എഴുതുന്നത് കാണുക:- "ഇത്തരം കാര്യങ്ങളൊക്കെ വെറും തോന്നലും തട്ടിപ്പുമെല്ലാമാണെന്ന് പറഞ്ഞ് തള്ളിക്കൊണ്ട് ആശ്വസിക്കേണ്ടതാണോ? അഥവാ അവ അസംഭവ്യമാണെന്ന് സമ്മതിക്കുകയും അതിന്റെ ഉറവിടം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്ത് കൊണ്ട് തന്നെ അതിനെ നിരാകരിക്കുകയും അത്തരം കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയും അല്ലാഹുവിനെ മാത്രം ആരാധിച്ചും അവനോട് മാത്രം പ്രാര്‍ത്ഥിച്ചും ജീവിക്കുന്ന സ്ഥിതിയില്‍ മനുഷ്യന്‍ എത്തണം. അവിടെയാണ് തൌഹീദിന്റെ പ്രഭ. ദജ്ജാലും പലതരം അത്ഭുതങ്ങള്‍ കാണിക്കുകയും ദൈവമായി വാദിക്കുകയും ചെയ്ത് കൊണ്ട് വിഹരിക്കുമെന്ന് ഹദീസില്‍ വന്നിട്ടുണ്ടല്ലോ? ജനങ്ങള്‍ ധാരാളമായി അവന്റെ അനുയായികളായിത്തീരുമെന്നും പറയുന്നു. പക്ഷെ അന്നും അവന്റെ വഞ്ചനയില്‍ പെടാത്ത യഥാര്‍ത്ഥ മുവഹ്ഹിദുകള്‍ (ഏകദൈവ വിശ്വാസികള്‍) തുഛമായെങ്കിലും ഉണ്ടാകുമല്ലോ? അപ്പോള്‍ അതും ഇതും ഒരേ തത്വത്തില്‍ തന്നെ.'' (സല്‍സബീല്‍. 1994. ജനുവരി. 24)
ഇതേ കാര്യം വളരെ വ്യക്തമായി ശബാബില്‍ എഴുതിയത് കാണുക: "ജിന്നുകള്‍ മനുഷ്യര്‍ക്ക് അവരുടെ ഉടനെയുള്ള ഭാവിയെക്കുറിച്ച് ചിലതൊക്കെ അറിവ് കൊടുക്കാറുണ്ട്. മനുഷ്യന്റെ കൂടെയുണ്ടാവുന്ന ക്വരീനിനെ (എല്ലാ മനുഷ്യരോടുമൊപ്പം നിയുക്തനായ ജിന്ന്) ഉപയോഗിച്ചാണ് അവരിത് ചെയ്യുന്നത്. എന്തൊക്കെ പരിപാടികളാണ് തന്റെ മുമ്പില്‍ വരുന്നതിന് മുമ്പ് ഭാവി അറിയാന്‍ വരുന്ന ആള്‍ ആസൂത്രണം ചെയ്തത് എന്ന് ക്വരീന്‍ പറഞ്ഞ് കൊടുക്കും. ജ്യോല്‍സ്യന്‍ കൃത്യമായി പറയുകയും ചെയ്യും. അത് പോലെ മാതാപിതാക്കളുടെ പേര്, ജനിച്ച സ്ഥലം, കുട്ടിക്കാലം,  മുതലായവയും. ഭാവി അറിയാന്‍ വരുന്ന ആളെ സ്വാധീനിക്കാന്‍ ഇത് വഴി സാധ്യമാകുന്നു. വളരെ പെട്ടെന്ന് വളരെ ദൂരം യാത്ര ചെയ്യാന്‍ സാധിക്കുന്നത് കൊണ്ട് മറഞ്ഞിരിക്കുന്ന വസ്തുക്കള്‍, കളഞ്ഞ് പോയ സാധനങ്ങള്‍, കണ്‍മുന്നിലില്ലാത്ത സംഭവങ്ങള്‍ എന്നിവ അറിയാന്‍ ജിന്നുകള്‍ക്ക് സാധിക്കും. ജിന്നുകളുടെ ഈ കഴിവ് സുലൈമാന്‍ നബി(അ)യുടെയും ഷേബയിലെ രാജ്ഞി ബല്‍ക്വീസിന്റെയും ക്വുര്‍ആനിക കഥകളില്‍ നിന്നും തെളിയുന്നു.'' (ശബാബ്. 99. മെയ്. 21, പേജ്. 7)
ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഞാന്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയത്. എന്റെ സ്വന്തം വകയായി ഞാന്‍ പറഞ്ഞതല്ലെന്ന് ബോധ്യമായല്ലോ?. നമ്മള്‍ ഇതെല്ലാം വിശദീകരിക്കുന്നത് ഒരിക്കലും പിശാചിന്റെ കഴിവുകളെ വലുതാക്കി കാണിക്കാനല്ല, പ്രത്യുത ദിവ്യത്വ വാദികള്‍ക്ക് യാതൊരു അഭൌതിക ശക്തിയുമില്ലെന്നും അവര്‍ ഗ്വൈബറിയില്ലെന്നും ജനങ്ങളെ ബോധ്യപ്പെടുത്താനാണ്. ഇതൊന്നും ഞാനായിട്ട് പുതുതായി പറഞ്ഞ ഒരു വാദവുമല്ല. പിളര്‍പ്പിന്റെയൊക്കെ വളരെ മുമ്പ് നമ്മുടെ പണ്ഡിതന്‍മാര്‍ എഴുതിയതും പ്രസംഗിച്ചതുമായ കാര്യങ്ങളാണിത്. അല്‍മനാറില്‍ ഇത് എഴുതിയിട്ട് ആരും പ്രശ്നമുണ്ടാക്കിയില്ല. കെ.എന്‍.എം. പ്രസിഡന്റായിരുന്ന ഡോ: ഉസ്മാന്‍ സാഹിബ് ഈ കാര്യങ്ങള്‍ എഴുതിയതിന്റെ പേരില്‍ ആരും അദ്ദേഹത്തെ 'അന്ധവിശ്വാസി' എന്ന് വിളിച്ചില്ല. ശബാബില്‍ ഈ ആശയങ്ങള്‍ നിരന്തരം എഴുതിയിട്ടും ആരും അവരെ 'നവയാഥാസ്ഥിതികര്‍' എന്ന് പറഞ്ഞ് കളിയാക്കിയില്ല. പക്ഷെ, അവരൊക്കെ പറഞ്ഞ കാര്യങ്ങള്‍ ഞാനും എന്റെ ചില പ്രസംഗങ്ങളില്‍ പറഞ്ഞപ്പോള്‍ മാത്രം അതില്‍ നിന്നും വാചകങ്ങള്‍ അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്ത് മടവൂരികള്‍ എന്നെ ക്രൂശിക്കുകയും എന്നെ മാനസികമായി പീഢിപ്പിക്കുകയും പരിഹസിക്കുകയും എനിക്കെതിരെ സ്റേജുകളും പേജുകളും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. ഇതെന്തു നീതിയാണ്? എന്തിനാണ് ഇക്കൂട്ടര്‍ എന്നെ ഇങ്ങനെ വേട്ടയാടുന്നത്? പ്രസംഗങ്ങളിലും എഴുത്തിലും പ്രമാണങ്ങളോട് നീതി പുലര്‍ത്തി എന്നതല്ലാതെ എന്താണ് ഞാന്‍ ചെയ്ത തെറ്റ്? ഇത്തരത്തില്‍ ദുര്‍വ്യാഖ്യാനങ്ങള്‍ നടത്തി ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നവര്‍ക്ക് പരലോകത്തെക്കുറിച്ച് ഒട്ടും ചിന്തയില്ലേ?  

ചോദ്യം: പിശാചിന് കട്ട് കേട്ട് ജ്യോല്‍സ്യന്‍മാര്‍ക്ക് എത്തിച്ച് കൊടുക്കാനുള്ള സാധ്യത ക്വുര്‍ആന്‍ അവതരണത്തോടെ പൂര്‍ണ്ണമായും നഷ്ടപ്പെട്ടു എന്നാണല്ലോ സലാം സുല്ലമി വാദിക്കുന്നത്. ഇത് ശരിയാണോ?.
ഉത്തരം: മടവൂരികള്‍ പഠിക്കാനും പഠിപ്പിക്കാനും ഉപയോഗിക്കുന്ന അമാനി മൌലവിയുടെ തഫ്സീര്‍ പരിശോധിക്കുന്ന ആര്‍ക്കും സുല്ലമിയുടെ വാദം ശരിയല്ല എന്ന് ബോധ്യപ്പെടും.
അമാനി മൌലവി(റഹി)യുടെ തഫ്സീറില്‍, "മഹാ വ്യാജനും ദുഷ്ടനുമായ എല്ലാവരുടെയും മേലത്രെ (പിശാചുക്കള്‍) ഇറങ്ങുന്നത് (26:222)'' എന്ന ആയത്തിനെ വിശദീകരിച്ചേടത്ത്, ജിന്നുകളുടെ കട്ട് കേള്‍വിയെക്കുറിച്ച് ഇമാം ബുഖാരി(റഹി), ആയിശ(റ)യില്‍ നിന്നും ഉദ്ധരിച്ച ഹദീസ് എടുത്ത് കൊടുത്തിട്ടുണ്ട്. ഈ ഹദീസില്‍, ജ്യോത്സ്യന്‍മാര്‍ പറയുന്നതില്‍ ചില കാര്യങ്ങള്‍ ശരിയാകുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് റസൂല്‍(സ്വ) കൊടുക്കുന്ന മറുപടി "യഥാര്‍ത്ഥമായി പുലരുന്ന ആ വാക്ക് ജിന്നു വര്‍ഗ്ഗത്തില്‍പെട്ടവന്‍ തട്ടിയെടുക്കുന്നതാണ്. എന്നിട്ട് അവന്‍ തന്റെ ബന്ധുക്കളുടെ കാതില്‍, പിടക്കോഴി കറ കറ എന്ന് കുറുകും പ്രകാരം അത് കുറുകി മന്ത്രിച്ച് കൊടുക്കുന്നു. അങ്ങനെ, അവര്‍ അതില്‍ കൂടി നൂറിലേറെ കളവും കൂട്ടിക്കലര്‍ത്തുന്നു''. 
ഈ ഹദീസ് കൊടുത്ത ശേഷം അമാനി മൌലവി എഴുതുന്നു "പിശാചുക്കള്‍ മലക്കുകളില്‍ നിന്ന് കട്ട് കേള്‍ക്കുന്നതിനെ ഉദ്ദേശിച്ചാണ്  ഈ ഹദീസില്‍  ജിന്നു വര്‍ഗ്ഗത്തില്‍പെട്ടവന്‍ തട്ടിയെടുക്കുന്നത്  എന്ന് പറഞ്ഞിട്ടുള്ളത്.  പിശാചിന്റെ വൈതാളികരായ ചില പ്രശ്നക്കാരില്‍ നിന്നും, ഗണിതക്കാരില്‍ നിന്നും, അവര്‍ പല പേരുകളിലും അറിയപ്പെടാറുണ്ടെങ്കിലും ശരി, കേള്‍ക്കാറുള്ള ചുരുക്കം ചില വാര്‍ത്തകള്‍ ശരിയായി അനുഭവപ്പെട്ടു കാണുന്നതിനാല്‍ ഇന്നും എത്രയോ ആളുകള്‍ വഞ്ചിതരായിക്കൊണ്ടിരിക്കുന്നു'' (വിശുദ്ധ ക്വുര്‍ആന്‍ വിവരണം 3, പേജ് 2346)
ഇത് പോലെ, സൂറത്ത് ഹിജ്റിലെ പതിനെട്ടാമത്തെ ആയത്തായ "(പക്ഷെ) കട്ട് കേള്‍ക്കുവാന്‍ ശ്രമിച്ചവനൊഴികെ, അപ്പോള്‍, പ്രത്യക്ഷമായ ഒരു തീജ്വാല അവനെ പിന്തുടരുന്നതാണ്'' എന്ന ആയത്ത് വിശദീകരിച്ച് കൊണ്ട്  അമാനി മൌലവി  വിശുദ്ധ ക്വുര്‍ആന്‍ വിവരണത്തില്‍ എഴുതുന്നു: "ഈ 18 ാം വചനത്തിന്റെ ശീര്‍ഷകത്തിലും മറ്റും ഇമാം ബുഖാരി(റഹി) ഉദ്ധരിച്ചിട്ടുള്ള ഒരു നബി വചനത്തിന്റെ സാരം ഇവിടെ ഉദ്ധരിക്കുന്നു. നബി(സ) പറയുകയാണ്: "അല്ലാഹു ആകാശത്തില്‍ വെച്ച് ഒരു കാര്യം തീരുമാനിച്ചാല്‍, അല്ലാഹുവിന്റെ വചനങ്ങളോടുള്ള ഭക്തി നിമിത്തം മലക്കുകള്‍ ചിറകടിക്കും. ഒരു മിനുസമായ വെള്ളകല്ലിന്‍ മേല്‍ ചങ്ങല വലിക്കും പോലെയായിരിക്കുമത്. അവരുടെ ഹൃദയങ്ങളില്‍ നിന്നും നടുക്കം നീങ്ങുമ്പോള്‍ റബ്ബ് പറഞ്ഞത് എന്താണെന്ന് അവര്‍ ചോദിച്ചറിയും. ഇത് കട്ട് കേള്‍ക്കുന്നവര്‍ (പിശാചുക്കള്‍) കേള്‍ക്കും. അവര്‍ ഒരാള്‍ക്ക് മീതെ മറ്റൊരാളായി നിലകൊള്ളുന്നുമുണ്ടായിരിക്കും. ചിലപ്പോള്‍ കേട്ട ആള്‍ താഴെയുള്ളവര്‍ക്കു അത് ഇട്ട് കൊടുക്കും മുമ്പ് തന്നെ അവനു തീജ്വാല ബാധിക്കും. അതവനെ കരിച്ച് കളയുകയും ചെയ്യും''. (മടവൂരികള്‍ അവരുടെ പ്രസംഗത്തിലും ലേഖനത്തിലും ഇതുവരെ പറഞ്ഞ് നിര്‍ത്താറാണ് പതിവ്. ബാക്കി വായിച്ചാല്‍ മടവൂരികളുടെ തട്ടിപ്പ് മനസ്സിലാകും - സ്വലാഹി) "ചിലപ്പോള്‍ അടുത്ത് നില്‍ക്കുന്നവര്‍ക്ക്  അത് ഇട്ട് കൊടുക്കുന്നത് വരെ ജ്വാല പിടി പെടാതെയും ഇരിക്കും. അങ്ങിനെ, അവരത് ഭൂമി വരെ എത്തിക്കും. എന്നിട്ട് അത് മാരണക്കാരുടെ (ഗണിതക്കാരുടെ) വായിലിട്ട് കൊടുക്കപ്പെടും. അവര്‍ അതില്‍ കൂടി നൂറ് കളവും ചേര്‍ക്കും. അങ്ങിനെ ഇന്നിന്ന ദിവസം ഇന്നിന്നതുണ്ടാകുമെന്ന് അയാള്‍ (മാരണക്കാരന്‍) നമ്മോട് പറഞ്ഞില്ലേ, അത് യഥാര്‍ത്ഥമായി കണ്ടില്ലേ? എന്നൊക്കെ ജനങ്ങള്‍ പറഞ്ഞേക്കും. ആകാശത്ത് നിന്ന് (യഥാര്‍ത്ഥത്തില്‍) കേട്ട ആ വാക്കായിരിക്കും അത്. (ബുഖാരി)''. (വിശുദ്ധ ക്വുര്‍ആന്‍ വാല്യം 2, പേജ് 1655) 
പിശാചുകള്‍ക്ക് കട്ട് കേള്‍ക്കാനുള്ള സാധ്യത ക്വുര്‍ആന്‍ അവതരണത്തോടെ പൂര്‍ണ്ണമായും നഷ്ടപ്പെട്ടു എന്നാണ് സലാം സുല്ലമി വാദിക്കുന്നത്. മുകളില്‍ വിവരിച്ച, ആയിശ(റ)യില്‍ നിന്ന് ഉദ്ധരിച്ച ഹദീസിലെ സംഭവം നടക്കുന്നത് ആയിശ(റ)യെ റസൂല്‍(സ്വ) കല്യാണം കഴിച്ചതിന് ശേഷമാണല്ലോ. ക്വുര്‍ആന്‍ അവതരണം തുടങ്ങി പത്തിലധികം വര്‍ഷം കഴിഞ്ഞ് നടന്ന ഈ സംഭവത്തിലും, കട്ട് കേള്‍വി ഇപ്പോഴും നടക്കുന്നു എന്ന അര്‍ഥത്തിലാണല്ലോ റസൂല്‍(സ്വ) വിശദീകരിക്കുന്നത്. ഇതില്‍ നിന്ന് തന്നെ സലാം സുല്ലമിയുടെ വാദം തെറ്റാണെന്ന് വ്യക്തമാണ്.
മടവൂരികളില്‍ തന്നെയുള്ള ഭൂരിഭാഗം പണ്ഡിതരും ജിന്നുകള്‍ക്ക് ഇപ്പോഴും ചെറിയ രൂപത്തില്‍ കട്ട് കേള്‍ക്കാനുള്ള സാധ്യതയുണ്ട് എന്നാണ് വിശ്വസിക്കുന്നത്. ഉദാഹരണമായി ശബാബില്‍ എം ഐ തങ്ങള്‍  എഴുതുന്നു: "ഈ സംഭവത്തിന് ശേഷം പഴയത് പോലെ ജിന്നുകള്‍ക്ക് ആകാശത്തു നിന്ന് വിവരം കിട്ടിയിട്ടില്ല. അത് കാരണം ഇപ്പോള്‍ കിട്ടുന്ന ചെറിയ വിവരങ്ങള്‍ കള്ളങ്ങള്‍ ചേര്‍ത്താണ് നല്‍കാറ്''. (ശബാബ് 99 മെയ് 21, പേജ് 7)
മാത്രമല്ല, ക്വുര്‍ആന്‍ അവതരണത്തിന് മുമ്പ് ജിന്നുകള്‍ തങ്ങളുടെ മിത്രങ്ങളായ ജ്യോത്സ്യന്‍മാര്‍ക്ക് കട്ട് കേട്ട് വിവരങ്ങള്‍ എത്തിച്ച് കൊടുത്തിരുന്നു എന്ന് അംഗീകരിച്ച സലാം സുല്ലമി, ജിന്നുകള്‍ അഭൌതിക(?) സൃഷ്ടികളാണെന്നും മറഞ്ഞ മാര്‍ഗ്ഗത്തിലൂടെ(?) മനുഷ്യരുമായി അവക്ക് ആശയ വിനിമയം നടത്താന്‍ കഴിയുകയില്ല എന്നുമുള്ള തന്റെ പിഴച്ച വാദം ഇവിടെ തിരുത്താന്‍ നിര്‍ബന്ധിതനായിരിക്കുകയാണ് !
ക്വുര്‍ആന്‍ ഇറങ്ങുന്നതിന് മുമ്പുള്ള ജിന്നുകള്‍ "ഭൌതിക'' സൃഷ്ടിയായിരുന്നുവെന്നും, നബി(സ്വ)യുടെ നുബുവ്വത്തിന് ശേഷം അവക്കെല്ലാം "അഭൌതിക'' സൃഷ്ടികളായി മാറേണ്ടി വന്നു എന്നുമുള്ള വിവരക്കേടിലാണ് സലാം സുല്ലമി ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
ഇത് പോലെയുള്ള ഒരു വൈരുധ്യം സിഹ്റിന്റെ കാര്യത്തിലും സുല്ലമി എഴുതിയിട്ടുണ്ട്. സിഹ്റ്  ഫലിക്കുമെന്ന വിശ്വാസം ശിര്‍ക്കന്‍ വിശ്വാസമാണെന്ന് ഉറപ്പിച്ച്  പറയുന്ന സുല്ലമി, ദുര്‍ബല വിശ്വാസികള്‍ക്ക് സിഹ്റ് ഫലിക്കുമെന്ന് തന്റെ ബുഖാരി പരിഭാഷയില്‍ എഴുതിയിട്ടുമുണ്ട്. പ്രമാണ വിരുദ്ധമായി എഴുതിയാല്‍ വൈരുധ്യം വരുമെന്നതിന് ഇതും ഒരു തെളിവാണ്.

ചോദ്യം:  "മറഞ്ഞ മാര്‍ഗ്ഗത്തില്‍ നമ്മെ സഹായിക്കാന്‍ അല്ലാഹുവിന് മാത്രമേ സാധിക്കുകയുള്ളൂ എന്ന് മുമ്പ് ഞാന്‍ പ്രസംഗിച്ച് നടന്നിട്ടുണ്ട്, അല്ലാഹു എനിക്ക് പൊറുത്ത് തരട്ടെ'' എന്ന് താങ്കള്‍ പ്രസംഗിച്ചതായി ആരോപണമുണ്ടല്ലോ? മറഞ്ഞ മാര്‍ഗ്ഗത്തില്‍ നമ്മെ സഹായിക്കാന്‍ മറ്റാര്‍ക്കെങ്കിലും കഴിയുമോ?
ഉത്തരം: മറഞ്ഞ മാര്‍ഗ്ഗത്തിലൂടെ/അഭൌതിക മാര്‍ഗ്ഗത്തിലൂടെ/കാര്യകാരണ ബന്ധത്തിന്നതീതമായി നമ്മെ സഹായിക്കാന്‍ അല്ലാഹുവിന് മാത്രമേ കഴിയുകയുള്ളൂ. നമ്മുടെ എല്ലാ പ്രസംഗങ്ങളിലും ലേഖനങ്ങളിലും ഈ കാര്യം വ്യക്തമാക്കാറുണ്ട്. അതിവിടെ ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നു.  പ്രാര്‍ഥനയുമായും തൌഹീദുമായും വളരെയേറെ ബന്ധപ്പെട്ട ഒരു അടിസ്ഥാന വിഷയമാണിത്. 
മടവൂരികള്‍ എനിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന കുപ്രചരണങ്ങളുടെ ഒരു ഉദാഹരണം മാത്രമാണ് ചോദ്യത്തില്‍ ഉന്നയിച്ച ആരോപണം. വാസ്തവത്തില്‍, സിഹ്റ് ഫലിക്കുന്നതുമായി ബന്ധപ്പെട്ട് ഞാന്‍ നടത്തിയ പ്രസംഗത്തിലെ ഒരു വാചകമാണ് മടവൂരികള്‍ തെറ്റിദ്ധരിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. 
സലാം സുല്ലമി ഞങ്ങളെ പഠിപ്പിച്ചിരുന്നത് ജിന്നുകള്‍ അഭൌതിക സൃഷ്ടികളാണെന്നും, സാഹിറിന്റെ നിര്‍ദേശ പ്രകാരം പിശാചുക്കള്‍ മനുഷ്യരെ ഉപദ്രവിക്കുന്നത് മറഞ്ഞ മാര്‍ഗ്ഗത്തിലൂടെയാണെന്നുമാണ്. അത് കൊണ്ട് തന്നെ, സിഹ്റില്‍ യാഥാര്‍ത്ഥ്യമുണ്ടെന്ന വിശ്വാസം അന്ധവിശ്വാസമാകുമത്രേ.
ഈ വിഷയം കൂടുതലായി പഠിക്കാന്‍ അവസരം കിട്ടിയപ്പോള്‍, നമ്മുടെ മുന്‍കാല നേതാക്കളെല്ലാവരും സിഹ്റില്‍ യാഥാര്‍ത്ഥ്യമുണ്ടെന്നും അത് ഫലിക്കാന്‍ ഇടയുണ്ടെന്നും വിശ്വസിച്ചവരായിരുന്നു എന്ന് എനിക്ക് മനസ്സിലായി. സലാം സുല്ലമി പഠിപ്പിച്ചത് പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണെന്നും, അത് പിഴച്ച കക്ഷികളില്‍ പെട്ട മുഅ്തസില വിഭാഗത്തില്‍ നിന്നും കടം കൊണ്ട അഭിപ്രായം മാത്രമാണെന്നും എനിക്ക് ബോധ്യപ്പെട്ടു. 
സലാം സുല്ലമിയില്‍ നിന്ന് ഞങ്ങള്‍ കുറച്ച് വിദ്യാര്‍ഥികള്‍ പഠിച്ച അബദ്ധങ്ങള്‍ വിശദീകരിച്ച് കൊണ്ട് ഞാന്‍ നടത്തിയ പ്രസംഗത്തിലെ ഭാഗമാണ് മടവൂരികള്‍ തെറ്റിദ്ധരിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. സിഹ്റ് മുഖേനയുണ്ടാകുന്ന ഉപദ്രവങ്ങള്‍ മറഞ്ഞ (ഗ്വൈബിയായ) മാര്‍ഗ്ഗത്തിലൂടെയാണെന്നും, അങ്ങിനെയുള്ള ഉപദ്രവം അല്ലാഹുവിന്ന് മാത്രമേ സാാധിക്കുകയുള്ളൂ എന്നും പ്രസംഗിച്ച് നടന്ന എനിക്ക് അല്ലാഹു പൊറുത്ത് തരട്ടെ എന്നാണ് ഞാന്‍ വാസ്തവത്തില്‍ വിശദീകരിച്ചത്. സിഹ്റിന്റെ വിഷയത്തില്‍, സലാം സുല്ലമിയും അദ്ദേഹത്തിന്റെ പിഴച്ച വാദങ്ങള്‍ പ്രചരിപ്പിക്കുന്ന മടവൂരികളും തെറ്റ് തിരുത്തി തൌബ ചെയ്യണമെന്നാണ് എനിക്ക് അപേക്ഷിക്കാനുള്ളത്.

ചോദ്യം: സിഹ്റിന്റെ വിഷയത്തില്‍ സലാം സുല്ലമിയും അദ്ദേഹത്തിന്റെ പിഴച്ച വാദങ്ങള്‍ പ്രചരിപ്പിക്കുന്ന മടവൂരികളും തെറ്റ് തിരുത്തി തൌബ ചെയ്യണമെന്ന് താങ്കള്‍ പറഞ്ഞു. ഇത് വിശദീകരിക്കാമോ?
ഉത്തരം: പിശാചിനെ ഉപയോഗിച്ച് മനുഷ്യരെ ബുദ്ധിമുട്ടിക്കാന്‍ വേണ്ടി നടത്തപ്പെടുന്നതാണല്ലോ സിഹ്്ര്‍. ഇതില്‍ യാഥാര്‍ത്ഥ്യമില്ല എന്ന് മാത്രമായിരുന്നു സലാം സുല്ലമി 2005 വരെ ഊന്നി പ്പറഞ്ഞിരുന്നത്. സിഹ്റിനെ തൌഹീദുമായി കൂട്ടിക്കെട്ടി അദേഹം വിശദീകരിച്ചിരുന്നില്ല.
എന്നാല്‍, അപകടം പിടിച്ച ഒരു വാദവുമായാണ് പിന്നീട് അദ്ദേഹം രംഗത്ത് വന്നത്. സിഹ്റ് ഫലിക്കുമെന്ന് ഒരാള്‍ വിശ്വസിച്ചാല്‍ ആ വിശ്വാസം തന്നെ ശിര്‍ക്ക് ആകുമത്രേ. കാരണം, മറഞ്ഞ മാര്‍ഗ്ഗത്തിലും(?), കാര്യകാരണ ബന്ധത്തിന്നതീതമായും(?) മനുഷ്യനെ ഉപദ്രവിക്കാന്‍ അല്ലാഹു അല്ലാത്തവര്‍ക്കും കഴിവുണ്ടെന്ന് അയാള്‍ വിശ്വസിക്കുന്നു. അപ്പോള്‍, സിഹ്ര്‍ ഫലിക്കുമെന്ന് വിശ്വസിച്ചാല്‍ തൌഹീദില്‍ പിഴച്ചവനായി എന്ന് ചുരുക്കം.
മാതൃ സംഘടനയായ കെ.എന്‍.എമ്മിലേക്ക് തിരിച്ച് പോകുന്ന മടവൂരികളെ തടഞ്ഞ് നിര്‍ത്താന്‍ വേണ്ടിയും, സിഹ്റ് ഫലിച്ചേക്കാമെന്ന് വിശ്വസിക്കുന്ന മടവൂരികളിലെ പ്രബല പണ്ഡിത വിഭാഗത്തെ ഒറ്റപ്പെടുത്തി സംഘടനാ സംവിധാനത്തെ ഹൈജാക്ക് ചെയ്യാന്‍ വേണ്ടിയുമായിരുന്നു സലാം സുല്ലമി ഈ പുതിയ വെളിപാടുകള്‍ പുറത്ത് വിട്ടത്. പക്ഷെ വിശദീകരിച്ച് വന്നപ്പോള്‍ വൈരുദ്ധ്യങ്ങളില്‍ ചെന്ന് ചാടി.  അതായത്, മുജാഹിദുകള്‍ തൌഹീദിന് നല്‍കിയ വിശദീകരണങ്ങളുമായി സിഹ്റിലുള്ള വിശ്വാസം കൂട്ടി മുട്ടുമെന്നും, സിഹ്റ് ഫലിച്ചേക്കാമെന്ന് വിശ്വസിച്ചിരുന്ന നമ്മുടെ മുന്‍കാല പണ്ഡിതരൊക്കെ ശിര്‍ക്കന്‍ വിശ്വാസത്തോടെ മരിച്ച് പോയവരാണെന്ന വാദത്തിലുമാണ് ചെന്നെത്തിയത് (നഊദു ബില്ലാഹ്). പൂര്‍വ്വികരും ആധുനികരുമായ ഭൂരിപക്ഷം സലഫികളുടെയും വിശ്വാസത്തെക്കുറിച്ച് സുല്ലമി തന്നെ പറയുന്നു:- "പൂര്‍വ്വികരും ആധുനികരുമായ സലഫികളില്‍ ബഹുഭൂരിപക്ഷവും സിഹ്റ് ഫലിക്കുമെന്നും പ്രവാചകന്(സ) സിഹ്ര്‍ ഫലിക്കുകയുണ്ടായിട്ടുണ്ടെന്നും വിശ്വസിക്കുന്നവരാണ്.'' (ശബാബ്. 2002. ഒക്ടോബര്‍. 11) ഇത്തരക്കാരെക്കൊണ്ട് "ജനങ്ങളില്‍ തൌഹീദിന്റെ വേരുകള്‍ ഉറപ്പിക്കുന്നവര്‍'' എന്നും മടവൂരികള്‍ വിശേഷിപ്പിച്ചിട്ടുണ്ട്. (ശബാബ്. 2006. ഡിസംബര്‍. 29) എന്നിട്ടും സിഹ്ര്‍ ഫലിക്കുമെന്ന് പറഞ്ഞ ഞാന്‍ അന്ധവിശ്വസിയും നവയാഥാസ്ഥിതികനും. ഈ ഹദീസ് നിഷേധികളുടെ നിലപാടില്‍ ന്യായമോ നീതിയോ ധര്‍മ്മമോ തരിമ്പെങ്കിലുമുണ്ടോ എന്ന് പ്രിയവായനക്കാര്‍ ചിന്തിക്കുക. എന്നിട്ട് നിങ്ങള്‍ തീരുമാനമെടുക്കുക, ആരാണ് സലഫിയ്യത്തിനെ തകര്‍ക്കുന്നവരെന്ന്.
തൌഹീദിന് നാം നല്‍കിയ വിശദീകരണം തെറ്റായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കുകയും അതിലൂടെ മരിച്ച് പോയ നമ്മുടെ നേതാക്കളില്‍ ശിര്‍ക്കാരോപിക്കുകയും ചെയ്തിട്ട് എന്ത് നേട്ടമാണ് ഈ ലോകത്തും നാളെ പരലോകത്തും ഇവര്‍ പ്രതീക്ഷിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. 
സിഹ്റില്‍ യാഥാര്‍ത്ഥ്യമുണ്ടെന്ന് വിശ്വസിച്ചിരുന്ന സലാം സുല്ലമിയുടെ പിതാവ് അലവി മൌലവി(റഹി) ഉള്‍പ്പെടെയുള്ളവരെ ശിര്‍ക്കന്‍ വിശ്വാസക്കാരായി മുദ്രകുത്തുന്ന ഈ പുത്തന്‍ വാദം ഉപേക്ഷിച്ച് സലാം സുല്ലമിയും തൌബ ചെയ്യണമെന്നാണ് എനിക്ക് വിനീതമായി അഭ്യര്‍ത്ഥിക്കാനുള്ളത്. പിതാവ് ശിര്‍ക്കന്‍ വിശ്വാസത്തോടെയാണ് മരണപ്പെട്ടതെങ്കില്‍, പാപമോചനത്തിന്ന് വേണ്ടി പ്രാര്‍ഥിക്കാന്‍ പോലും കഴിയാത്ത അവസ്ഥ മകനായ സലാം സുല്ലമിക്കുണ്ടാവുമല്ലോ.

ചോദ്യം: നിങ്ങള്‍ സുലൈമാന്‍ നബി(അ)യുടെ മുഅ്ജിസത്ത് വലിച്ച് നീട്ടി ജിന്ന് പൂജകന്‍മാരെ ന്യായീകരിക്കുന്നു എന്നാണല്ലോ മടവൂരികള്‍ പറയുന്നത്?.  
ഉത്തരം: അതെല്ലാം വസ്തുതകള്‍ക്ക് നിരക്കാത്ത അവരുടെ ദുഷ്പ്രചരണം മാത്രമാണ്.  
ജിന്നുകളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുക എന്നത് സുലൈമാന്‍ നബി(അ)ക്ക് അല്ലാഹു പ്രത്യേകമായി കൊടുത്ത മുഅ്ജിസത്ത് മാത്രമാണ്. നമുക്കാര്‍ക്കും ഇങ്ങിനെ ജിന്നുകളെ കീഴ്പ്പെടുത്തി തന്നിട്ടില്ലാത്തത് കൊണ്ട് തന്നെ, ജിന്നുകളെക്കൊണ്ട് എന്തെങ്കിലും ജോലിയെടുപ്പിക്കാന്‍ നമുക്ക് സാധ്യവുമല്ല. നബി(സ്വ)യോ, സ്വഹാബികളോ ജിന്നുകളെ കൊണ്ട് എന്തെങ്കിലും ജോലി ചെയ്യിപ്പിച്ചതായി ഒരു റിപ്പോര്‍ട്ടിലും വന്നിട്ടുമില്ല. 
വളരെ വേഗത്തില്‍ യാത്ര ചെയ്യുക, ആകാശത്തില്‍ കയറി മലക്കുകളുടെ സംസാരം കട്ട് കേള്‍ക്കുക എന്നിങ്ങനെ, മനുഷ്യര്‍ക്കില്ലാത്ത പലതരം കഴിവുകള്‍ ജിന്ന് വര്‍ഗ്ഗത്തിനുണ്ട് എന്ന് സൂചിപ്പിക്കാന്‍ വേണ്ടി മാത്രമാണ് സുലൈമാന്‍ നബി(അ)യുടെ കാലത്തെ ഇഫ്രീത്ത് ജിന്നിന്റെ കാര്യം ഞാന്‍ പരാമര്‍ശിച്ചത്. ശബാബിലും ഇത് പോലെയുള്ള പരാമര്‍ശങ്ങള്‍ വന്നത് മുകളില്‍ ഞാന്‍ വിശദീകരിച്ചുവല്ലോ.
ജിന്നുകള്‍ക്ക് പ്രകൃത്യാ ഉള്ള കഴിവുകള്‍ സുലൈമാന്‍ നബി(അ)യുടെ മുഅ്ജിസത്തിന്റെ ഭാഗമല്ല, ഇത്രയൊക്കെ കഴിവുകളുള്ള ജിന്നുകളെ കീഴ്പ്പെടുത്തിക്കൊടുത്തതാണ് മുഅ്ജിസത്ത് എന്നും ഞാന്‍ വിശദീകരിച്ചിരുന്നു.
സുലൈമാന്‍ നബി(അ)ക്ക് ജിന്നുകളെ കീഴ്പെടുത്തിക്കൊടുത്ത പോലെ ജിന്നു പൂജകന്‍മാര്‍ക്കും മന്ത്ര വാദികള്‍ക്കും ജിന്നുകളെ കീഴ്പ്പെടുത്തിക്കൊടുത്തിട്ടുണ്ടെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. പൂജയും സേവയും നടത്തി ജിന്ന് പിശാചുക്കളെ പ്രീതിപ്പെടുത്തുന്നവര്‍ക്ക് വാനലോകത്ത് നിന്ന് നിന്നും കട്ട് കേട്ട വിവരങ്ങള്‍ എത്തിച്ച് കൊടുക്കുന്നത് പോലുള്ള വല്ല  ചില്ലറ സഹായങ്ങളും വല്ലപ്പോഴും ലഭിച്ചേക്കാം എന്ന ഡോ: ഉസ്മാന്‍ സാഹിബ് മുമ്പെഴുതിയ അതേ ആശയം പറഞ്ഞു എന്നതിനപ്പുറത്തുള്ളതെല്ലാം മടവൂരികളുടെ കുപ്രചരണം മാത്രമാണ്.

 ചോദ്യം: ഏര്‍വാടി പോലെയുള്ള  മക്വ്ബറകളിലേക്ക് പോകുന്നവരുടെ അസുഖം ഭേദമാകാറുണ്ട് എന്ന് താങ്കള്‍ക്ക് വാദമുണ്ടോ? ഇത് ജനങ്ങളെ ശിര്‍ക്കിലേക്ക് നയിക്കലല്ലേ?
ഉത്തരം: ജനങ്ങളെ തൌഹീദിലേക്ക് നയിക്കാനാണ് ഞാന്‍ ഇത് വരെയും ശ്രമിച്ചിട്ടുള്ളത്. ആരെയെങ്കിലും ശിര്‍ക്കിലേക്ക് നയിക്കാന്‍ ഞാന്‍ ശ്രമിച്ചതായി തെളിയിക്കാന്‍ ഒരാള്‍ക്കും സാധ്യമല്ല. 
"മഹാന്‍മാരുടെ'' മക്വ്ബറകളിലേക്ക് തീര്‍ത്ഥാടനത്തിന് പോകുന്നത് ആഗ്രഹങ്ങള്‍ സഫലീകരിച്ച് കിട്ടാന്‍ ക്വബ്റാളികളോട് പ്രാര്‍ഥിക്കാന്‍ വേണ്ടിയാണ്. ക്വബ്ര്‍ സിയാറത്തിന്റെ മറവില്‍ നടക്കുന്ന ഈ ക്വബ്ര്‍ പൂജയെ ഇസ്ലാം പാടേ വിരോധിച്ചതാണ്. പ്രാര്‍ഥന കേള്‍ക്കാനോ അതിന് ഉത്തരം നല്‍കാനോ ഉള്ള കഴിവ് ക്വബ്റാളികള്‍ക്ക് ഇല്ല.
എങ്കില്‍ പിന്നെ എന്തുകൊണ്ടായിരിക്കാം അവിടെ സന്ദര്‍ശിക്കുന്ന ക്വബ്ര്‍ പൂജകര്‍ തങ്ങളുടെ രോഗം മാറി എന്ന് പറയുന്നത്? വ്യത്യസ്ത രീതിയില്‍ പണ്ഡിതര്‍ ഇത് വിശദീകരിക്കാറുണ്ട്. അയാളുടെ രോഗം ശിഫയാകാനുള്ള അല്ലാഹുവിന്റെ വിധി ഒത്തുവന്നത് ആ സമയത്തായിരിക്കാം എന്നതാണ് ഒരു വ്യാഖ്യാനം.
ഏര്‍വാടിയിലെത്തുന്ന അന്ധവിശ്വാസി ആ ജാറത്തില്‍ പോയി പ്രാര്‍ത്ഥിച്ചാല്‍ തന്റെ അസുഖം മാറും എന്ന് വിശ്വസിച്ചുകൊണ്ടായിരിക്കുമല്ലോ അവിടേക്ക് പോയിട്ടുണ്ടാവുക? ഇങ്ങനെ ഉറച്ച് വിശ്വസിക്കുന്ന ക്വബ്ര്‍ പൂജകനായ ഒരു ഏര്‍വാടി ഭക്തന് ഏര്‍വാടി ശൈഖിനോട് പ്രാര്‍ത്ഥിച്ചപ്പോള്‍ തന്റെ അസുഖം മാറിയതായി തോന്നിയേക്കാം. രോഗിക്ക് പൂര്‍ണ്ണ വിശ്വാസമുള്ള ഒരു ഡോക്ടര്‍ മരുന്നിന് പകരം വെറും വിറ്റാമിന്‍ ഗുളിക കൊടുത്താലും ചിലപ്പോള്‍ രോഗം മാറുന്നതുപോലെ. മനസ്സിലുള്ള വിശ്വാസത്തിന്റെ ഭാഗമായിരിക്കുമത്. ഇതാണ് മറ്റൊരു വ്യാഖ്യാനം.
ജിന്ന് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുമെന്നും രോഗമുണ്ടാക്കുമെന്നും നമ്മുടെ കെ.ജെ.യു വ്യക്തമാക്കിയതാണല്ലോ? ഞങ്ങള്‍ പത്തോളം പ്രബോധകര്‍ 21-6-2011 ന് ചര്‍ച്ച ചെയ്ത് ഒപ്പിട്ട് കെ.ജെ.യു/കെ.എന്‍.എമ്മിന് സമര്‍പ്പിക്കുകയും 5-10-2011 ന് എടവണ്ണ ജാമിഅ നദ്വിയ്യയില്‍ ചേര്‍ന്ന സംയുക്ത കൌണ്‍സിലില്‍ പരാമര്‍ശിക്കപ്പെടുകയും പിന്നീട് കെ.ജെ.യു ഇറക്കിയ 'ജിന്ന്, പിശാച്, റുക്വ്യ ശറഇയ്യ' എന്ന പുസ്തകത്തിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
അങ്ങനെ പിശാച് മൂലം ഉണ്ടായ അസുഖമാണെങ്കില്‍, ഏര്‍വാടി പോലുള്ള നരകത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന  ശിര്‍ക്കന്‍ കേന്ദ്രങ്ങളില്‍ എത്തുമ്പോള്‍ പിശാച് മാറി നിന്ന് അത് സുഖപ്പെട്ടു എന്നും വന്നേക്കാം. ഏര്‍വാടി ശൈഖിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുക വഴി കുറെ പേരെ ശിര്‍ക്കിലെത്തിച്ച് പരലോകം നഷ്ടപ്പെടുത്തുക എന്നത് പിശാചിന്റെ ആവശ്യമാണല്ലോ.  
മാറാരോഗം കൊണ്ടും മറ്റും ബുദ്ധിമുട്ടുന്ന മുസ്ലീങ്ങളെ  ദര്‍ഗകളിലേക്കും, അമ്പലങ്ങളിലേക്കും, ധ്യാന കേന്ദ്രങ്ങളിലേക്കും എത്തിച്ച് കൊടുക്കുന്ന പല തട്ടിപ്പ് സംഘങ്ങളും നാട്ടിലുണ്ട്. ഇങ്ങിനെയുള്ള കേന്ദ്രങ്ങളിലേക്ക് പോയ പല ആളുകളുടെയും അസുഖം മാറിയതായും, ബുദ്ധിമുട്ടുകള്‍ ഒഴിഞ്ഞ് പോയതായും പല കഥകളും അവര്‍ക്ക് പറയാനും കാണും. ഇത് പോലെ വിശ്വാസം പരീക്ഷിക്കപ്പെടുന്ന സന്ദര്‍ഭങ്ങളില്‍, എനിക്ക് അല്ലാഹു മതി എന്ന് പ്രഖ്യാപിക്കാന്‍ മുസ്ലിമിന് കഴിയണം. 
ജാറ വ്യവസായത്തെക്കുറിച്ചും, അങ്ങിനെയുള്ള ശിര്‍ക്കന്‍ കേന്ദ്രങ്ങളിലേക്ക് ജനങ്ങളെ തെളിച്ച് കൊണ്ട് പോകുന്ന ഖുറാഫീ പുരോഹിതന്മാരുടെ തട്ടിപ്പുകളെക്കുറിച്ചും നിരന്തരം  പ്രസംഗിക്കുന്നവരും എഴുതുന്നവരുമാണല്ലോ നമ്മള്‍. അല്ലാഹുവോട് മാത്രം സഹായം തേടുന്ന, അവന് മാത്രം നേര്‍ച്ചകള്‍ അര്‍പ്പിക്കുന്ന ഒരു സമൂഹം കെട്ടിപ്പടുക്കാനാണ് ഞങ്ങളുടെ എളിയ ശ്രമം. പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കി, തൌഹീദ് പ്രബോധനത്തെ തളര്‍ത്താനുള്ള മടവൂരികളുടെ പൈശാചിക ശ്രമങ്ങളൊന്നും വിജയിക്കാന്‍ പോകുന്നില്ല.

ഇസ് ലാഹ് മാസിക  2012 ജനുവരി , ഫെബ്രുവരി 

2012, ഫെബ്രുവരി 4, ശനിയാഴ്‌ച

മുജാഹിദുകളെ പിഴപ്പിക്കാമെന്ന് മടവൂരികളെ മോഹിക്കേണ്ട





ചാലിയത്തു വെച്ച് ഹുസൈന്‍ സലഫി നടത്തിയ പ്രഭാഷണത്തില്‍ നിന്ന്,
ശാലിയാത്തിയുടെ ഫത് വയും ചാലിയം ‘ഖത്തീബിന്‍റെ’  സ്വപ്നവും